നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന ഭരണ – പ്രതിപക്ഷ പ്രചരണം പൊളിച്ചടുക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ദുരന്തത്തിന് ശേഷം കേന്ദ്രസർക്കാർ രണ്ട് ഘട്ടമായി 300 കോടി രൂപ സംസ്ഥാനത്തിന് നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രം 80 കോടി രൂപ നൽകി. ഈ കോടികളെല്ലാം എവിടെ പോയെന്ന് നവ്യ ഹരിദാസ് ചോദിച്ചു.
ഇത്രയും കോടികൾ എവിടെ പോയി. എന്തിനാണ് ഇനിയും കോടികൾ. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമാകുന്ന വിധത്തിൽ ഒരു പദ്ധതിക്ക് പോലും സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടില്ലെന്ന് നവ്യ ചൂണ്ടിക്കാട്ടി. കിട്ടുന്ന കോടികൾ പോരട്ടെ എന്ന് കരുതിയാണ് ചോദിച്ചത്. ദുരന്തമുഖത്ത് എന്താണോ ആവശ്യം അത് കണ്ടറിഞ്ഞ് നൽകുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും നവ്യ പറഞ്ഞു. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നവ്യ.
ഒരുപാട് വിവാദങ്ങൾ കേന്ദ്രസർക്കാരിനെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. നിയമസഭയിൽ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തി എൽഡിഎഫും യുഡിഎഫും ചേർന്ന് കളിച്ച നാടകമായിരുന്നു വയനാട് ദുരന്തത്തിൽ കേന്ദ്രം സഹായിച്ചില്ലെന്ന പ്രമേയമെന്നും നവ്യ പറഞ്ഞു. കേന്ദ്രസർക്കാർ ഏതൊരു ബില്ല് പാസാക്കിയാലും അതിനെ എതിർത്ത് മറ്റൊരു ബില്ല് പാസാക്കുന്നത് ഈ സംസ്ഥാനത്ത് കണ്ടുവരുന്ന ഒരു പ്രക്രിയയാണ്.
ദുരന്ത ബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ച് അവരുടെ ദു:ഖങ്ങൾ കേട്ട് പരിഹാരം കാണാൻ ശ്രമിച്ചിട്ടുളളവരിൽ ഒരാളാണ് താനും. ഇന്നും ആ പ്രദേശത്തുളള ആളുകളെ വീണ്ടും കാണുമ്പോൾ അവർ കേന്ദ്രസർക്കാരിന് നന്ദി പറയുകയാണ്. അവരുടെ കുടുംബത്തിലെ ചിലരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാരിന്റെ ത്വരിതഗതിയിലെ ഇടപെടൽ കൊണ്ടാണെന്ന് അവർ തിരിച്ചറിയുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുളള എല്ലാ സന്നാഹങ്ങളും മണിക്കൂറുകൾക്കകം വയനാട്ടിലേക്ക് എത്തി. പ്രധാനമന്ത്രി നേരിട്ടെത്തി ഇവിടുത്തെ സ്ഥിതിവിശേഷം മനസിലാക്കിയെന്നും നവ്യ ചൂണ്ടിക്കാട്ടി.
കോടികൾ, കോടികൾ എന്ന് മാത്രമാണ് സംസ്ഥാനം ചോദിക്കുന്നത്. ഒരു ദുരന്തം വരുമ്പോൾ ആ ദുരന്തമുഖത്ത് നിന്ന് എന്ത് വാരിയെടുക്കാം എന്ന തലത്തിലേക്ക് സംസ്ഥാന സർക്കാർ അധ:പതിച്ചു. ദുരിതം നടക്കുമ്പോൾ ബക്കറ്റുമായി പിരിവിന് ഇറങ്ങുന്ന കാഴ്ചയാണ്. വയനാട്ടിലെ ദുരന്തം സംസ്ഥാന സർക്കാരിന് ആശ്വാസമായി മാറി. അതിന് മുൻപ് പറഞ്ഞത് ഖജനാവിൽ പൂച്ചപെറ്റു കിടക്കുകയാണെന്നാണ്. വാർദ്ധക്യ പെൻഷൻ മുടങ്ങി, വിധവാ പെൻഷൻ മുടങ്ങി, വികലാംഗ പെൻഷൻ മുടങ്ങി ഇവിടെ ഒന്നുമില്ല എന്ന പറച്ചിലിനിടെയാണ് വയനാട് ദുരന്തം വന്നത്. അതോടെ മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും സന്തോഷമായി. കാരണം ഇനി ദുരിതാശ്വാസ നിധിയിലേക്ക് പണം വന്നുകൊണ്ടിരിക്കും അതെടുത്ത് ചെലവഴിക്കാമെന്ന ലക്ഷ്യമായിരുന്നുവെന്നും നവ്യ പറഞ്ഞു.















