ഇന്ത്യൻ റെയിൽവേ ശൃംഖല എക്കാലവും പ്രശ്സതമാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യാനും സഹായിക്കുന്ന വേഗവീരന്മാർ അനവധിയാണ്. ആ പട്ടികയിലേക്ക് ആറ് വർഷം മുൻപാണ് വന്ദേ ഭാരത് കൂട്ടിച്ചേർക്കപ്പെട്ടത്. ഭാരതത്തിന്റെ തദ്ദേശീയ മികവിന്റെ ഉദാഹരണമായിരുന്നു ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച സെമി- ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ. ഇതിന് പിന്നാലെ വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
രാജധാനി ട്രെയിനുകളുടെ വെല്ലുന്ന സൗകര്യങ്ങളാണ് ഇതിലുള്ളത്. 800 മുതൽ 1,200 കിലോമീറ്റർ വരെയുള്ള യാത്രകൾക്കാണ് സ്ലീപ്പർ ട്രെയിൻ പരിഗണിക്കുന്നത്. 11 ത്രീ ടയർ എസി കോച്ചുകൾ, 4 ടു ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിനാകും.
12 കോടി രൂപ ചെലവിലാണ് പൂർണമായും ശീതികരിച്ച സ്ലീപ്പർ റേക്ക് രൂപകൽപന ചെയ്തത്. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ആണ് നിർമിച്ചിരിക്കുന്നത്.
കൂട്ടിയിടി ഒഴിവാക്കാൻ കവച് സംവിധാനം, ഡ്രൈവർ ക്യാബിനിലേക്കുള്ള എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എൽഇഡി ഡിസ്പ്ലേ, ഇൻ്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, വിശാലമായ ലഗേജ് റൂം, ചാർജിംഗ് സോക്കറ്റുകൾ, വിഷ്വൽ ഇൻഫോർമേഷൻ സംവിധാനം എന്നിവ ഇതിൽ ഉണ്ടാകും.
ബയോ വാക്വം ടോയ്‌ലറ്റുകൾ, ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചർ അനൗൺസ്മെൻ്റ് സംവിധാനം എന്നിവ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ പ്രത്യേകതയാണ്.
ഓരോ കോച്ചിലും ഓട്ടോമാറ്റിക് ഇൻ്റർകണക്ടിംഗ് ഡോറുകൾ ഉണ്ടായിരിക്കും. മുകളിലെ ബെർത്തുകളിലേക്ക് കയറാനായി പ്രത്യേകം രൂപകൽപന ചെയ്ത ഗോവണിയും ഉണ്ടാകും, വിമാനങ്ങൾക്ക് സമാനമായ മോഡുലാർ ബയോ-വാക്വം ടോയ്ലറ്റുകളാകും സജ്ജമാക്കുക. ദിവ്യാംഗർക്ക് ഉപയോഗിക്കാനാകും വിധത്തിലുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ബിഇഎംഎല്ലുമായി സഹകരിച്ച് 10 റേക്കുകൾ കൂടി നിർമ്മിക്കുമെന്ന് ഐസിഎഫ് ജനറൽ മാനേജർ സുബ്ബ റാവു അറിയിച്ചു. ചെന്നൈയ്‌ക്കും ഡൽഹിക്കും ഇടയിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ് റൂട്ടുകളിൽ ഇവ അവതരിപ്പിക്കുമെന്നാണ് വിവരം.
റൂട്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രൊപ്പൽഷൻ സിസ്റ്റം വാങ്ങുന്നതിനായി ടെൻഡറുകൾ നൽകിയിട്ടുണ്ടെന്നും 18 മാസത്തിനുള്ളിൽ റേക്കുകൾ നിർമിക്കുമെന്നും ഐസിഎഫ് ജനറൽ മാനേജർ അറിയിച്ചു.
എമർജൻസി ബ്രേക്കിംഗ് സിസ്റ്റം ടെസ്റ്റുകൾ, കൺട്രോൾ, ഇലക്ട്രിക്കിൽ സിസ്റ്റങ്ങളുടെ പരീക്ഷണങ്ങൾ എന്നിവയ്‌ക്കായി റേക്കുകൾ ലക്നൗവിലെ ആർഡിഎസ്ഒയിലേക്ക് അയക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഹഗത കൈവരിക്കാൻ സാധിക്കുംവിധത്തിലാണ് ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും 180 കിലോമീറ്റർ വേഗതയിൽ പരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.