തിരുവനന്തപുരം: കേന്ദ്രത്തിന്റെ അമൃത് ഭാരത് പദ്ധതിയിലൂടെ മുഖം മിനുക്കാൻ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. രണ്ട് ഡിവിഷനുകളിലായി 30 സ്റ്റേഷനുകളാണ് നവീകരണത്തിന്റെ പാതയിൽ. രാജ്യത്തെ 1309 റെയിൽവേ സ്റ്റേഷനുകളിൽ, 508 ഇടത്താണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വരുന്ന ജനുവരിയോടെ കേരളത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിലായി 249 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. കണ്ണൂർ ഒഴികെയുള്ള 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒൻപതിടങ്ങളിൽ പ്രവർത്തനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയായി കഴിഞ്ഞു.
തിരുവനന്തപുരത്തിന് 497 കോടി രൂപ, കോഴിക്കോടിന് 472.96 കോടി രൂപ, എറണാകുളം ജംഗ്ഷന് 444.63 കോടി, കൊല്ലത്തിന് 384.39 കോടി, എറണാകുളം ടൗണിന് 226 കോടിയും വർക്കലയ്‌ക്ക്133 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സ്റ്റേഷൻ വികസനത്തിനൊപ്പം വാണിജ്യ സമുച്ചയങ്ങളും യാത്രക്കാർക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികളും ഉൾപ്പെടുന്നു. ലിഫ്റ്റുകൾ, പാർക്കിംഗ്, വിശ്രമമുറികൾ, സിസിടിവി, വൈഫൈ ഉൾപ്പടെ വിപുലീകരിക്കും.