മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലാൽ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പ്രണയവും സൗഹൃദവും കലാലയ ജീവിതവും പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രത്തിന് ആ വർഷത്തെ ജനപ്രിയ സിനിമയ്‌ക്കുള്ള അവാർഡും സ്വന്തമാക്കാൻ സാധിച്ചിരുന്നു.
ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്‌ക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസിന്റെ ഓർമപുതുക്കൽ.
“അയാളും ഞാനും തമ്മിൽ എന്ന സിനിമ ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഒരുപാട് സൈബറാക്രമണങ്ങൾ നേരിട്ടിരുന്നു. ഒരു ദിവസം രാജു എന്നെ വിളിച്ചിട്ട് പറഞ്ഞു. ചേട്ടാ ഞാൻ ഒരു കഥ കേട്ടു. ഈ സിനിമ ചേട്ടൻ സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ അതിൽ അഭിനയിക്കാം. അല്ലെങ്കിൽ ഞാനിത് ചെയ്യില്ല. ഏതെങ്കിലും പുതിയ ആൾക്കാരുടെ കഥയായിരിക്കുമെന്നാണ് ഞാൻ അപ്പോൾ വിചാരിച്ചത്. പിന്നീട് അവർ കഥ പറയാൻ വന്നപ്പോൾ ഞാൻ ഞെട്ടി പോയി.
കറിയാച്ചൻ സാർ, ബോബി, സഞ്ജയ് എന്നിവരാണ് കഥ പറയാൻ വന്നത്. ഞാൻ പൃഥ്വിയോട് പറഞ്ഞു, എടാ അവർ ഇത്രയും പ്രശസ്തരായ എഴുത്തുകാരാണ്. നീ ഇങ്ങനെയൊക്കെയാണോ അവരുടെ മുന്നിൽ വച്ച് പറയുന്നതെന്ന് ചോദിച്ചു. അത് എന്താണെന്ന്, ചേട്ടന് ആ കഥ കേട്ടാൽ മനസിലാകുമെന്ന് അവൻ പറഞ്ഞു.
അവർ പറഞ്ഞ കഥയായിരുന്നില്ല സിനിമയായി വന്നത്. അതിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ എനിക്കുണ്ടായിരുന്നു. കുറച്ച് കാര്യങ്ങളൊക്കെ തിരുത്തിയിരുന്നു. അമ്മ മരിക്കുന്നതായിരുന്നു ആദ്യത്തെ കഥ. അതിനെ കാമുകിയെ നഷ്ടപ്പെടുന്നതാക്കണം എന്നത് എന്റെ നിർദേശമായിരുന്നു. അത് ക്ലീഷേയാണെന്ന് അവർ പറഞ്ഞു. അതിൽ അവർക്ക് വിരോധവുമുണ്ടായിരുന്നു.
സെന്റിമെൻസ് സീനൊക്കെ പൃഥ്വിരാജിനെ വച്ച് ചെയ്താൽ അതൊക്കെ കോമഡിയായി പോകുമെന്ന് പലരും എന്നോട് പറഞ്ഞു. പക്ഷേ, കഥാപാത്രത്തിന്റെ മനസറിഞ്ഞാണ് പൃഥ്വിരാജ് അഭിനയിച്ചതെന്നും” ലാൽ ജോസ് പറഞ്ഞു.