കൽപ്പറ്റ: എൻഡിഎ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക സമർപ്പിച്ച് നവ്യ ഹരിദാസ്. വരണാധികാരി ജില്ലാ കളക്ടർ മേഘശ്രീക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എം.ടി രമേശ്, ടി.പി ജയചന്ദ്രൻ, പ്രശാന്ത് മലവയൽ, അഡ്വ. പ്രകാശ് ബാബു എന്നിവർക്കൊപ്പമെത്തിയാണ് നവ്യ ഹരിദാസ് പത്രിക സമർപ്പിച്ചത്.
കൽപ്പറ്റ എടഗുനി കോളനിയിലെ പൊലയൻ മൂപ്പനാണ് കെട്ടിവയ്‌ക്കാനുള്ള പണം നൽകിയതെന്നും ഏറെ സന്തോഷമുണ്ടെന്നും നവ്യ ഹരിദാസ് പറഞ്ഞു. വയനാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇത് കൂടുതൽ കരുത്ത് പകരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. രാഹുൽ റായ്ബറേലി സീറ്റ് നിലനിർത്താൻ തീരുമാനിച്ചതോടെയാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. വയനാട്ടിലെ തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയിലും മത്സരിച്ച രാഹുൽ രണ്ടിടത്തും ജയിച്ചതിന് ശേഷമാണ് വയനാടിനെ ഉപേക്ഷിച്ചത്.
സ്ഥാനാർത്ഥികൾ മൂവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിൽ സജീവമായി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറാണ് നിലവിൽ നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ബിജെപി സംസ്ഥാന,ജില്ലാ നേതാക്കൾ ക്യാമ്പ് ചെയ്താണ് നവ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.















