രത്തൻ ടാറ്റയുടെ പിൻഗാമിയാകാൻ നോയൽ ടാറ്റയ്‌ക്ക് നിയമക്കുരുക്ക്.
രത്തൻ ടാറ്റയുടെ മരണശേഷം അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ നോയൽ ടാറ്റയെ രണ്ട് ടാറ്റാ ട്രസ്റ്റുകളുടെയും ചെയർമാനായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്നാൽ രത്തൻ ടാറ്റ കൊണ്ടു വന്ന പുതിയ നിയമം നോയലിന് തിരിച്ചടിയാകുമെന്നാണ് കോർപ്പറേറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
2022 ൽ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ടാറ്റ ട്രസ്റ്റിന്റെയും ടാറ്റ സൺസിന്റെയും തലപ്പത്ത് ഒരേ വ്യക്തി പാടില്ലെന്ന നിയമം പാസാക്കിയിരുന്നു. നിയമം ഭേദഗതി ചെയ്തതോടെ രണ്ട് പദവികളും ഒരേസമയം വഹിച്ച ടാറ്റ കുടുംബത്തിലെ അവസാനത്തെ അംഗമായി രത്തൻ ടാറ്റ. കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുൻതൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തൻ ടാറ്റയുടെ സിദ്ധാന്തം.
രത്തൻ ടാറ്റ ജീവിച്ചിരുന്ന സമയത്തുതന്നെ നേതൃസ്ഥാനത്തേയ്‌ക്ക് നോയൽ ടാറ്റയുടെ പേര് ഉയർന്നുവന്നിരുന്നു. അന്ന് നോവലിനെ നേതൃസ്ഥാനത്തേയ്‌ക്ക് കൊണ്ടുവരുന്നതിൽ രത്തന് എതിർപ്പുണ്ടായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള സര്‍ ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റ്, സര്‍ രത്തൻ ടാറ്റ ട്രസ്‌റ്റ് എന്നിവയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും തലപ്പത്തേക്കാണ് നോയൽ ടാറ്റ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നോയലിന് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.