ന്യൂഡൽഹി: പ്രിയങ്ക വാദ്രയുടെ വരുമാന സ്വത്ത് വിവരങ്ങളിൽ സംശയം പ്രകടിപ്പിച്ച് ബിജെപി. പ്രിയങ്കയുടെ വരുമാന സ്രോതസ്സ് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 78 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. ഇതിൽ 64 കോടി രൂപയുടെ സ്വത്ത് റോബർട്ട് വദ്രയുടെ പേരിലാണ്. 12 കോടിയാണ് പ്രിയങ്കയുടെ ആസ്തി. പ്രിയങ്കയ്‌ക്ക് പറയത്തക്ക ജോലിയോ വെളിപ്പെടുത്തിയ ബിസിനസ് സംരംഭങ്ങളോ ഇല്ല. പ്രിയങ്കയും ഭർത്താവ് റോബർട്ട് വാദ്രയെ പോലെ ഭൂമി ഇടപാട് നടത്താറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
വാദ്രയുടെ സ്വത്ത് വെളിപ്പെടുത്തിയതിനേക്കാൾ പതിൻമടങ്ങാണ്. അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ അന്വേഷണം നേരിടുകയും പ്രതിയാകുകയും ചെയ്തയാളാണ് വാദ്ര. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ഹരിയാനയിലെ ഗുരുഗ്രാമിൽ തുച്ഛമായ വിലയിൽ സർക്കാർ ഭൂമി തട്ടിയെടുത്തെന്ന കേസും വാദ്രയ്‌ക്കെതിരെയുണ്ട്. ഡിഎൽഎഫ് ഫ്ലാറ്റ് ഇടപാടിൽ കോടികളാണ് കുടുംബത്തിന് ലഭിച്ചത്. ശതകോടിശ്വൻമാരായ പ്രിയങ്കയും റോബോർട്ടും ജനങ്ങളെ കബളിപ്പിക്കുകയാണ്.വയനാട്ടിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വാദ്ര കുടുംബം സ്വത്ത് മറച്ചുപിടിച്ചതെന്നും ബിജെപി വക്താവ് ആരോപിച്ചു.















