ഷൊർണൂർ: ട്രെയിനിൽ വെച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ കാരക്കാട് മുല്ലക്കൽ സന്തോഷ് ആണ് (34) മരിച്ചത്. ഒറ്റപ്പാലം താലൂക്കിൽ തഹസിൽദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ സുമതി മുട്ടിവിളിച്ചെങ്കിലും പ്രതികരമുണ്ടായില്ല. തുടർന്ന് അയൽവാസിയുടെ സഹായത്താൽ വാതിൽ തള്ളി തുറന്നപ്പോൾ അവശനിലയിലായിരുന്നു സന്തോഷ്. ഷൊർണൂർ പൊലീസ് എത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
2011 ഫെബ്രുവരി ഒന്നിനാണ് 22കാരിയായിരുന്ന സൗമ്യ ട്രെയിൻ യാത്രയ്‌ക്കിടെയാണ് ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് ഷൊർണൂരേക്ക് വന്ന പാസഞ്ചർ ട്രെയിനിന്റെ വനിതാ കംപാർട്മെന്റിൽ അതിക്രമിച്ച് കടന്നാണ് പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ.