ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 50 വിമാനത്തവളങ്ങൾ കൂടി സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിവയ്‌ക്കും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം 157 ആയി. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 50 വിമാനത്താവളങ്ങളും 20 വർഷത്തിനുള്ളിൽ 200 വിമാനത്താവളങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങളും വാണിജ്യ പ്രവർത്തനങ്ങളും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംവിധാനം വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. കഴിഞ്ഞ വർഷം 220 ദശലക്ഷത്തിലധികം പേരാണ് വിമാന മാർഗം പറന്നത്. അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തലെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാങ് വുവൽനം പറഞ്ഞു.















