ന്യൂഡൽഹി: തന്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസ് വ്യാഴാഴ്ച ഭാരതത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരവധി പ്രധാന മേഖലകളിലെ തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചുള്ള വിപുലമായ ചർച്ചകളിൽ ജർമ്മൻ ചാൻസലർ പങ്കെടുക്കും.
വ്യാഴാഴ്ച രാത്രി വൈകി എത്തിയ ചാൻസലറെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി സ്വീകരിച്ചു.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഒക്ടോബർ 24 മുതൽ 26 വരെ ഷോൾസ് ഭാരതത്തിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പ്രതിരോധം, വ്യാപാരം, ശുദ്ധ ഊർജം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലൂന്നിയുള്ള വിപുലമായ ചർച്ചകളാകും ഇരു നേതാക്കളും നടത്തുക.
ഉഭയകക്ഷി ബന്ധം അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘ഫോക്കസ് ഓൺ ഇന്ത്യ’ എന്ന സുപ്രധാന രേഖ ജർമ്മൻ കാബിനറ്റ് അടുത്തിടെ അംഗീകരിച്ചിട്ടുണ്ടെന്നും, ജർമ്മനിയിലെ ചാൻസലറും അഞ്ച് ഫെഡറൽ മന്ത്രിമാരും ന്യൂഡൽഹിയിലെത്തുമ്പോൾ ചർച്ച ചെയ്യാൻ രാജ്യത്തിന് നിരവധികാര്യങ്ങളുണ്ടായിരിക്കുമെന്നും ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ ബുധനാഴ്ച പറഞ്ഞു.















