കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സനാതനധർമ പീഠത്തിന് സ്വന്തം കെട്ടിടം എന്ന മോഹം യാഥാർഥ്യത്തിലേക്ക്. സനാതനധർമ പീഠത്തിന്റെ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചാൻസലർ കൂടിയായ കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
1968ൽ സ്ഥാപിതമായ കാലിക്കറ്റ് സർവകലാശാലയുടെ വളർച്ചയുടെ നാഴികക്കല്ലുകളിൽ ഒന്നാണ് വിവിധ ചെയറുകളുടെ രൂപീകരണം. മറ്റു സർവകലാശാലകളിലെന്നപോലെ കാലിക്കറ്റ് സർവകലാശാലയിലും പല മേഖലകളിലെ ആഴത്തിലുളള പഠനത്തിനായി പല ചെയറുകൾ യാഥാർഥ്യമായി. ഈ വളർച്ചയിൽ 2003ൽ സനാതനധർമ പഠനത്തിനും അദ്ധ്യയനത്തിനും ഗവേഷണത്തിനുമായി Chair for Sanathanadharma Studies അഥവാ സനാതനധർമ പീഠം നിലവിൽ വന്നു.
എന്നാൽ ഈ പീഠത്തിന്റെ പ്രവർത്തനത്തിന് സർവകലാശാലയുടെ ഭാഗത്തുനിന്ന് ആവശ്യമായ പിൻതുണ ലഭിച്ചിരുന്നില്ല. എന്നു മാത്രമല്ല, പലപ്പോഴും തടസ്സങ്ങൾ തന്നെ ഉണ്ടായെന്നു പീഠവുമായി ബന്ധപ്പെട്ടവർക്കു പരാതികൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പീഠത്തിന്റെ പ്രവർത്തനം മുന്നോട്ടുപോയി. ഒട്ടും സൗകര്യങ്ങളില്ലാത്ത ശോചനീയാവസ്ഥയിൽ പീഠം പ്രവർത്തിച്ചു വന്നു.
സ്ഥലം അനുവദിക്കുന്നതിൽ സർവകലാശാല കാണിച്ച താൽപര്യക്കുറവ് കാരണം സ്വന്തം കെട്ടിടത്തിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ നീണ്ടു പോയി.
എ കെ അനുരാജ് സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന ആദ്യ സിൻഡിക്കേറ്റ് യോഗങ്ങളിൽത്തന്നെ, പീഠത്തിനു സ്ഥലം അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. തുടർന്ന് ഈ ആവശ്യം അജണ്ടയായി വരികയും സിൻഡിക്കേറ്റ് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.
വൈസ് ചാൻസലർ പ്രഫ. (ഡോ.)പി രവീന്ദ്രൻ ഇതിനു മുൻകൈയ്യെടുത്തപ്പോൾ മറ്റു സിൻഡിക്കേറ്റ് അംഗങ്ങളും റജിസ്ട്രാർ ഡോ. സതീഷ് ഇ കെ എന്നിവരും ക്രിയാത്മകമായി പിന്തുണക്കുകയായിരുന്നു.സിൻഡിക്കേറ്റ് തീരുമാനത്തെ ത്തുടർന്ന് സെമിനാർ കോംപ്ലക്സിനോടു ചേർന്ന് സ്ഥലം അനുവദിക്കപ്പെട്ടു.
2024 ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ കെട്ടിട ശിലാസ്ഥാപനം നിർവഹിക്കും. സ്വാമി ചിദാനന്ദ പുരി, വൈസ് ചാൻസലർ പ്രഫ. (ഡോ.) പി. രവീന്ദ്രൻ , പീഠം വിസിറ്റിങ് പ്രഫസർ ഡോ.സി ശ്രീകുമാരൻ , സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് എന്നിവർ പങ്കെടുക്കും. അക്കാദമിക രംഗത്തെയും മറ്റു മേഖലകളിലെയും പ്രമുഖർ സന്നിഹിതരായിരിക്കും.
ഇത്തരത്തിലുളള സാഹചര്യം സൃഷ്ടിച്ച യൂനിവേഴ്സിറ്റി ചാൻസലർ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടും പിന്നിലും മുന്നിലുമായി നിലകൊള്ളുന്ന ദേശീയ പ്രസ്ഥാനങ്ങളോടും ഏറ്റവും കടപ്പെട്ടിരിക്കുന്നുവെന്ന് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.















