രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ ടിറ്റോയും ഇടം പിടിച്ചു. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തു നായയാണ് ടിറ്റോ. അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹായിയായ സുബ്ബയ്യയുടെ പേരും ശാന്തനു നായിഡുവിന്റെ പേരും വിൽപ്പത്രത്തിലുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തന്റെ ജർമ്മൻ ഷെപ്പേർഡ് ടിറ്റോയെ ജീവിതകാലം മുഴുവൻ നന്നായി പരിപാലിക്കണമെന്ന് വിൽപ്പത്രത്തിൽ പറയുന്നു. ടിറ്റോയുടെ സംരക്ഷണ ചുമതല ഷെഫായ രാജാനാണ് അദ്ദേഹം നൽകിയിരിക്കുന്നത്. വർഷങ്ങളായി ടാറ്റയുടെ വീട്ടിലെ കുക്കാണ് രാജൻ.
രത്തൻ ടാറ്റയ്‌ക്ക് 10,000 കോടിയുലധികം രൂപയുടെ ആസ്തിയുണ്ട്. സ്വത്തിൽ നിന്നും ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന് അദ്ദേഹം എഴുതിവെച്ചത്. അലിബാഗിലെ ബംഗ്ലാവ്, മുംബൈയിലെ ഇരുനില വീട്, 350 കോടി രൂപയിലധികം സ്ഥിരനിക്ഷേപം, 165 മില്യൺ ഡോളർ മൂല്യമുള്ള ടാറ്റ സൺസിൻ ഓഹരി എന്നിവ ടാറ്റ എൻഡോവ്ഡ് ഫൗണ്ടേഷനാണ് നൽകിയത്.
സഹോദരൻ ജിമ്മി ടാറ്റ, അർദ്ധസഹോദരിമാരായ ഷിറിൻ, ഡീന്ന ജീജീഭോയ് മുതൽ വീട്ടിലെ ജോലിക്കാർക്ക് വരെ അദ്ദേഹം തന്റെ സമ്പത്ത് പങ്കിട്ട് നൽകിയിട്ടുണ്ട്. എന്തായാലും രത്തന്‍ ടാറ്റയുടെ വില്‍പത്രം ബോംബെ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുത്തുക. രത്തൻ ടാറ്റയുടെ 20 ഓളം ആഡംബര വാഹനങ്ങൾ കൊളാബയിലെ ഹാലെക്കായ് വസതിയിലും താജ് വെല്ലിംഗ്ടൺ സർവീസ് അപ്പാർട്ടുമെൻ്റുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് ലേലം ചെയ്യാനോ മ്യൂസിയത്തിലേക്ക് മാറ്റാനോ ആണ് സാധ്യത.