പത്തനംതിട്ട: മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഫെറ്റോ, എൻജിഒ സംഘ്, എൻ.റ്റി.യു സംസ്ഥാന നേതാക്കൾ. നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണയ്‌ക്ക് ശേഷമാണ് നേതാക്കൾ കുടുംബത്തെ കാണാൻ എത്തിയത്.
ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രൻ, കേരള, എൻ.റ്റി.യു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, വൈസ് പ്രസിഡന്റ് ഡോ. എ. ബി. രമാദേവി, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി അജയ് കെ. നായർ, കേരള പി. എസ്. സി.എംപ്ലോയീസ് സംഘ് പ്രസിഡന്റ് പ്രദീപ്, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, ഗവ. പ്രസ് വർക്കേഴ്‌സ് സംഘ് ജന. സെക്രട്ടറി സി. കെ.ജയപ്രസാദ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ, എൻ.റ്റി.യു. ജില്ലാ പ്രസിഡന്റ് അനിത ജി. നായർ തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും, കുടുംബത്തിന് നീതി ലഭ്യമാകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും നേതാക്കൾ കുടുംബത്തിന് ഉറപ്പുനൽകി. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാരെ നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ സംഘും ഫെറ്റോയും നേരത്തെയും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേസിൽ ആരോപണ വിധേയയായ പിപി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ കഴിഞ്ഞ ദിവസം കണ്ണൂരിലും എൻജിഒ സംഘ് പ്രതിഷേധം നടത്തിയിരുന്നു.