റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ഞായറാഴ്ചയാണ് ഹർജി പരിഗണിക്കാനായി മാറ്റിവെച്ചത്. നവംബർ 21നാണ് നിശ്ചയിച്ചതെങ്കിലും പ്രതിഭാഗത്തിന്റെ അപേക്ഷപ്രകാരം 17 ലേക്ക് മാറ്റുകയായിരുന്നു.
സൗദി പൗരൻ കൊല്ലപ്പെട്ട കേസിലാണ് ഫറോക്ക് സ്വദേശിയായ അബ്ദുൾ റഹീം ജയിലിലായത്. വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസ് ആയിരിക്കും അക്കാര്യം തീരുമാനിക്കുകയെന്നും തിങ്കളാഴ്ച മോചന ഹർജി പരിഗണിക്കവേ കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശത്തോടെ വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചിന് കേസ് വീണ്ടും കൈമാറുകയായിരുന്നു.
തീയതി നേരത്തെയാക്കാൻ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയും ശ്രമം നടത്തുന്നുണ്ട്. കേസ് നേരത്തെയാക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് അബ്ദുൽ റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവരും അറിയിച്ചു.
പുതിയ ബെഞ്ചിൽ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്. അടുത്ത സിറ്റിങ്ങിൽ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായി ദയാധനം സ്വരൂപിക്കാൻ നാടാകെ കൈകോർത്തിരുന്നു.
ഇന്ത്യൻ എംബസി അബ്ദുൽറഹീമിന്റെ യാത്ര രേഖകളും തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാൽ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും.