കൊച്ചി: ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് തോൽവി വഴങ്ങിയത്.
എട്ടാം മിനിറ്റിൽ ഹോർഹ പെരേര ഡിയാസിലൂടെ ബംഗലൂരു ലീഡ് നേടി. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾ ശക്തമാക്കിയെങ്കിലും എല്ലാം ബംഗലൂരുവിന്റെ പ്രതിരോധ മതിലിൽ തട്ടി തകർന്നു. എങ്കിലും ആദ്യ പകുതിയിൽ വീണുകിട്ടിയ പെനാൽറ്റിയിലൂടെ ഗോൾ നിലയിൽ ഒപ്പമെത്തി.
രണ്ടാം പകുതിയിൽ 74 ാം മിനിറ്റിലായിരുന്നു എഡ്ഗർ മെൻഡെസിലൂടെ ബംഗലൂരു വീണ്ടും മുന്നിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി സോംകുമാറിന്റെ പിഴവ് എഡ്ഗർ മെൻഡെസ് മുതലാക്കുകയായിരുന്നു. ബംഗലൂരുവിന്റെ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും മികച്ച സേവുകളുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകൾക്ക് വിലങ്ങു തടിയായി. അവസാന നിമിഷം ഗോളവസരങ്ങൾ പാഴാക്കിയതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
സീസണിലെ ആറ് കളികളിൽ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് നിലവിൽ എട്ട് പോയിന്റാണുളളത്. ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ആറു കളികളിൽ അഞ്ചും വിജയിച്ച ബംഗലൂരു 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.