ടെൽഅവീവ്: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് അമേരിക്ക. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതെന്നും, ആക്രമണ വിവരം തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് അറിയിച്ചു. എന്നാൽ ആക്രമണത്തിൽ അമേരിക്ക പങ്കാളിയായിട്ടില്ലെന്നും സാവെറ്റ് പറയുന്നു.
” ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ട് ഉണ്ടായതാണ്. ഒക്ടോബർ ഒന്നിന് ഇസ്രായേലിനതിരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടി കൂടിയാണിത്. ഈ വിവരം ഇസ്രായേൽ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതിൽ യുഎസിന്റെ പങ്കാളിത്തമില്ല. പ്രസിഡന്റ് ജോ ബൈഡനോടും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോടും ആക്രമണത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നും, ഇസ്രായേലിൽ നിന്ന് തുടർ വിവരങ്ങൾ സ്വീകരിക്കുമെന്നും” സാവെറ്റ് അറിയിച്ചു.
ഇസ്രായേൽ സൈന്യമാണ് പ്രസ്താവനയിലൂടെ ആക്രമണവിവരം പുറത്ത് വിട്ടത്. ടെഹ്‌റാനിൽ സ്‌ഫോടനങ്ങളുണ്ടായതായി ഇറാൻ മാദ്ധ്യമങ്ങളും വാർത്ത പുറത്ത് വിട്ടിട്ടുണ്ട്. തങ്ങൾക്കെതിരായ ആക്രമണത്തിന് മറുപടിയായിട്ടാണ് ഈ നീക്കമെന്നും, പരമാധികാരമുള്ള ഏത് രാജ്യത്തേയും പോലെ സ്വയം തിരിച്ചടിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നും പ്രസ്താനവനയിൽ പറയുന്നു. രാജ്യത്തേയും ഇവിടുത്തെ ജനങ്ങളേയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഇവർ വ്യക്തമാക്കി. അതേസമയം ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായി തിരിച്ചടിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.