ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരമുള്ള വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. 2024 ജൂലായ് 23ന് മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറപ്പെടുവിച്ചത്.
പുതിയ വായ്പയായ തരുൺ പ്ലസിലൂടെ 10 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് അനുവദിക്കുക. മുദ്രാ വായ്പയിലെ നിലവിലെ തരുൺ വിഭാഗത്തിന് കീഴിൽ മുൻപെടുത്ത വായ്പ വിജയകരമായി തിരിച്ചടച്ചവർക്കും പുതിയ വായ്പ ലഭിക്കും. മൈക്രോ യൂണിറ്റിന് കീഴിലുള്ള ക്രഡിറ്റ് ഗ്യാരണ്ടി ഫണ്ട് വായ്പകൾക്കുള്ള ഈട് നൽകും.
യുവാക്കളിൽ സ്വാശ്രയത്വവും സംരംഭകത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രിൽ 8നാണ് പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക റൂറൽ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന് മുദ്ര ലോൺ ലഭിക്കും.
ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് തരം ലോണുകളാണ് മുദ്ര പദ്ധതിക്ക് കീഴിലുണ്ടായത്. തരുൺ പ്ലസ് കൂടി വന്നതോടെ ഇത് നാലായി. ശിശുവിൽ 50,000 രൂപ, കിഷോറിൽ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ, തരുണിൽ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ, തരുൺ പ്ലസിൽ 10 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് വായ്പ നൽകുന്നത്.
ഓട്ടോറിക്ഷ, ഗുഡ്‌സ് വെഹിക്കിൾ, ടാക്‌സി കാർ എന്നിവ വാങ്ങുന്നതിനും മുദ്രാ ലോൺ ലഭിക്കും. കൂടാതെ സലൂൺ, ജിം, ബുട്ടീക്ക്, തയ്യൽ കട, ബൈക്ക് റിപ്പയർ ഷോപ്പ്, ഡിടിപി, ഫോട്ടോകോപ്പി കട, മരുന്ന് കട, കൊറിയർ സർവിസ്, ഡ്രൈ ക്ലീനിംഗ് തുടങ്ങി എല്ലാവിധ സംരംഭങ്ങൾക്കും മുദ്രാ ലോൺ ഉപയോഗിക്കാം
അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം, മുൻപെടുത്ത വായ്പകളിൽ വീഴ്ചയുണ്ടായിരിക്കരുത്, അപേക്ഷകന് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം, 18 വയസ് തികയണം എന്നിങ്ങനെയാണ് നിബന്ധനകള്‍















