പുതുക്കോട്ട : തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . മേലപ്പുലവങ്കാട് ഗ്രാമത്തിൽ നടന പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ശിവലിംഗം കണ്ടെത്തിയത് .
ഏകദേശം ഒരു ടൺ ഭാരവും, നാലടി ഉയരമുള്ള ശിവലിംഗത്തിന് നൂറുവർഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ശിവലിംഗം കണ്ടതോടെ വിവരം ഗ്രാമവാസികൾ ഉടൻ തന്നെ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം റവന്യൂ അധികൃതരും സ്ഥലത്തെത്തി .ഇതിനിടെ നാട്ടുകാർ ശിലയ്‌ക്ക് ചുറ്റും പൂജകളും ആരംഭിച്ചിരുന്നു . ആർഡിഒ ഈശ്വരയ്യ, തഹസിൽദാർ ബറാനി ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശിവലിംഗം പിന്നീട് പുതുക്കോട്ട താലൂക്ക് ഓഫീസിലെ സ്‌ട്രോങ് റൂമിലേയ്‌ക്ക് മാറ്റി.
സ്ഥലത്ത് ക്ഷേത്രം പണിയാനും ദൈനംദിന പൂജകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അത് തിരികെ നൽകണമെന്ന് ഗ്രാമവാസികൾ അഭ്യർത്ഥിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സതീഷും റവന്യൂ വകുപ്പിന് ഔപചാരികമായ അപേക്ഷ സമർപ്പിച്ചു.















