പാലക്കാട്: മുൻ എംപിയും സിപിഎം നേതാവുമായ എൻ.എൻ കൃഷ്ണദാസിന്റെ പട്ടി പരാമർശത്തിൽ പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധയോഗം ചേർന്നു. കൃഷ്ണദാസ് മാപ്പു പറയണമെന്ന് കെയുഡബ്യൂജെ പാലക്കാട് ജില്ലാ പ്രസിഡന്റ് നോബിൾ ആവശ്യപ്പെട്ടു.
പട്ടി എന്ന പ്രയോഗം അങ്ങേയറ്റം മോശമായത്. എംപിയായിരുന്ന ആളിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്. ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി കൃഷ്ണദാസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രയോഗം കരുതിക്കൂട്ടി നടത്തിയതാണെന്നും മാപ്പ് പറയില്ലെന്നുമാണ് കൃഷ്ണദാസിന്റെ നിലപാട്.
സിപിഎം ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടുന്നുവെന്ന വാർത്ത അബ്ദുൾ ഷുക്കൂറിന്റെ പ്രതികരണം സഹിതം റിപ്പോർട്ട് ചെയ്തതിന്റെ പേരിലായിരുന്നു മാദ്ധ്യമപ്രവർത്തകരോട് എൻഎൻ കൃഷ്ണദാസിന്റെ അധിക്ഷേപം. ഇറച്ചിക്കടയിൽ പട്ടി നോക്കി നിൽക്കുന്നതുപോലെ മാദ്ധ്യമപ്രവർത്തകർ അബ്ദുൾ ഷുക്കൂറിന്റെ വീടിന് മുൻപിൽ നിന്നു എന്നായിരുന്നു കൃഷ്ണദാസിന്റെ വാക്കുകൾ.
കെയുഡബ്ല്യുജെ പാലക്കാട് ജില്ലാ സെക്രട്ടറി എം.ശ്രീനിഷ് ഉൾപ്പെടെയുളള ഭാരവാഹികളും യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനും ഇത് സംബന്ധിച്ച് കത്ത് നൽകാനും യോഗം തീരുമാനിച്ചു.
പട്ടി പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരിൽ കണ്ട് സംസ്ഥാന കമ്മറ്റിയുടെ പ്രതിഷേധം അറിയിക്കാനും പത്രപ്രവർത്തക യൂണിയൻ തീരുമാനിച്ചിരുന്നു.