കോഴിക്കോട്: കേരളത്തിലെ മാവോയിസ്റ്റുകൾക്ക് ഇസ്ലാമിസ്റ്റുകളുമായി ബന്ധമെന്ന് പി ജയരാജൻ. തളിപ്പറമ്പ് കീഴാറ്റൂരിൽ നടന്ന വയൽക്കിളി സമരത്തിൽ ഇരുകൂട്ടരും ഒരുമിച്ചു. ഇതുപോലെ ജനകീയ സമരങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട്. ഇവർ തമ്മിൽ അന്തർധാര സജീവമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടുന്നു. കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് പി. ജയരാജൻ ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
എന്നാൽ പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾ വ്യക്തിപരമെന്ന് നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി പറഞ്ഞു.
പ്രസംഗത്തിലൂടെ നീളം മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുത്താനുള്ള ശ്രമമാണ് പിണറായി നടത്തിയത്. പി ജയരാജന്റെ പുസ്തകം സിപിഎമ്മിന് തലവേദനയാകുമെന്ന് ഉറപ്പാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്കും പിണറായി വേദിയിൽ തന്നെ തുടക്കമിടുകയും ചെയ്തു.
2017 ലാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ ദേശീപാത നിർമാണത്തിനെതിരെ സമരം തുടങ്ങിയത്. വയൽക്കിളി സമരം എന്നാ പേരിലാണ് ഇത് ദേശീയ ശ്രദ്ധയാകർഷിച്ചത്. അന്ന് തന്നെ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളുമാണ് സമരത്തിന് പിന്നാലെന്ന് ആരോപണമുയർന്നിരുന്നു. 2022 ൽ വയൽക്കിളി നേതാവായ സുരേഷ് കീഴാറ്റൂർ സിപിഎമ്മിൽ ചേർന്നു.