തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിന് പുനർ നിയമനവും കേരള സർവകലാശാലാ വൈസ് ചാൻസലറുടെ അധിക ചുമതലയും നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾ. മോഹനൻ കുന്നുമ്മലിന്റെ നിയമനത്തെ വിമർശിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് യാതൊരു അവകാശവുമില്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങളായ വിനോദ്കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് അംഗങ്ങളുടെ പ്രതികരണം.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിന് സർക്കാർ സ്വീകരിച്ച നിയമോപദേശം നിലനിൽക്കെ, ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനത്തെ വിമർശിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് ഒരു അവകാശവുമില്ല. നാല് വർഷ ബിരുദ കോഴ്സുകൾ (FYUG) അടക്കം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ കേരള സർവകലാശാലയിൽ നടപ്പാക്കുന്നതിന് മുൻകയ്യെടുത്ത ആളാണ് ഡോ. മോഹനൻ കുന്നുമ്മൽ.
തങ്ങളുടെ ഇഷ്ടക്കാരെ വൈസ് ചാൻസലർമാരായി കുടിയിരുത്താൻ കഴിയാത്തതിലുള്ള രോഷപ്രകടനം മാത്രമാണ് മന്ത്രിയുടെ വിമർശനത്തിന് പിന്നിൽ. സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വി.സി.മാരെ നിയമിക്കാൻ സംസ്ഥാന സർക്കാരാണ് തടസം നിൽക്കുന്നത്. ആരോഗ്യ സർവകലാശാലയിൽ സ്ഥിരം വി.സി. നിയമനത്തിനായി ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെ കോടതിയിൽ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങിയത് സർക്കാരാണ്.
കേരള സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കുന്നതിന് മുന്നോടിയായി സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റിയുടെ നോമിനിയെ കണ്ടെത്തുന്നതിനായി ചാൻസലറുടെ നിർദേശാനുസരണം വൈസ് ചാൻസലർ വിളിച്ചുചേർത്ത സെനറ്റ് യോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് പങ്കെടുത്താണ് അലങ്കോലപ്പെടുത്തിയത്. ഈ പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാൻ ചാൻസലർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നുവെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.















