നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് അഞ്ജു കുര്യൻ അറിയിച്ചത്. സുഹൃത്തായ റോഷനെയാണ് അഞ്ജു വിവാഹം കഴിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ഈ നിമിഷം വരെ തങ്ങളെ അനുഗ്രഹിച്ച ദൈവത്തോട് നന്ദിയെന്നും സ്നേഹവും സന്തോഷവും നിറഞ്ഞ ഞങ്ങളുടെ യാത്ര ഒരു അത്ഭുതം തന്നെയായിരുന്നുവെന്നും അഞ്ജു കുര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. മോഡലിംഗിലൂടെയാണ് അഞ്ജു സിനിമയിലേക്കെത്തുന്നത്. 2013-ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ആൻഡ് ഡാനിയേൽ എന്നീ സിനിമകളിലും അഞ്ജു പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. മേപ്പടിയാനിലെ അഞ്ജു കുര്യന്റെ നായികാവേഷം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.