അകാരണമായി അലാറം ചങ്ങല വലിച്ച യാത്രക്കാരനെതിരെ കേസ്. മഹാരാഷ്‌ട്രയിലെ നാസിക് റോഡ് സ്റ്റേഷനിലാണ് സംഭവം. 48-കാരനായ സഞ്ജീവ് രത്തൻ ചന്ദ് പത്താരിയ എന്നയാൾക്കെതിരെയാണ് സെൻട്രൽ റെയിൽവേ പൊലീസ് കേസെടുത്തത്.
ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഏകദേശം മൂന്ന് മിനിറ്റോളമാണ് ട്രെയിൻ നിർത്തിയത്. നാസിക്കിൽ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന തപസ് മഹീന്ദ്ര, ഭാര്യ കാജൽ, മകൾ ഖുഷി എന്നിവർക്കൊപ്പമാണ് സഞ്ജീവ് രത്തനും യാത്ര ചെയ്തിരുന്നത്. ഇയാളുടെ കൈയിലായിരുന്നു എല്ലാവരുടെയും ടിക്കറ്റ്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ പെട്ടെന്ന് എടുത്തപ്പോൾ സഞ്ജീവിന് ഇറങ്ങാനായില്ല. തുടർന്നാണ് അലാറം ചെയിൻ വലിച്ചത്.
തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൃത്യമായ കാരണില്ലാതെയാണ് ഇയാൾ ചെയിൻ വലിച്ചതെന്ന് ബോധ്യമായതോടെ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. അനാവശ്യമായി അലാറം ചങ്ങല വലിച്ചാൽ റെയിൽവേ നിയമപ്രകാരം നിയമനടപടി സ്വീകരിക്കാവുന്നതാണ്.















