മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമായി ഹെൽത്ത് സേവാ പ്ലാൻ അവതരിപ്പിച്ച് റിയലയൻസ് ഫൗണ്ടേഷൻ. നഗരത്തിൽ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയുടെ പത്താം വാർഷികത്തോടനുന്ധിച്ചാണ് സുപ്രധാന പ്രഖ്യാപനം.
ജന്മനാ ഹൃദ്രോഗമുള്ള 50,000 കുട്ടികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും, 50,000 പേർക്ക് സൗജന്യ സ്തന, ഗർഭായ അർബുദ പരിശോധനയും ചികിത്സയും 10,000 പെൺകുട്ടികൾക്ക് സൗജന്യ ഗർഭാശയ അർബുദം തടയുന്നതിനുള്ള വാക്സിനും നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിതാ അംബാനി അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യരംഗത്ത് സുപ്രധാന മാറ്റങ്ങൾ സൃഷ്ടിക്കാൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിക്ക് സാധിച്ചെന്ന് നിതാ അംബാനി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും താങ്ങാനാവും വിധത്തിൽ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ നൽകാൻ സാധിച്ചു. മികച്ച ആരോഗ്യമാണ് സമ്പന്നമായ രാജ്യത്തിന്റെ അടിത്തറ. ആരോഗ്യമുള്ള സ്ത്രീകളും കുട്ടികളുമാണ് സമൂഹത്തിന്റെ ശക്തിയെന്നും അവർ പറഞ്ഞു.
ഒരു പതിറ്റാണ്ടിനിടെ അസാധാരണമായ സേവനങ്ങളാണ് ആശുപത്രി നൽകിയത്. 1.5 ദശലക്ഷത്തിലധികം കുട്ടികളെ ഉൾപ്പടെ 2.75 ദശലക്ഷം ഇന്ത്യക്കാരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന് സാധിച്ചിട്ടുണ്ട്. ഇതുവരെ 500-ലധികം അവയവമാറ്റ ശസ്ത്രക്രിയകളാണ് നടത്തിയിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ ആറ് പേരിൽ അവയവം മാറ്റിവച്ച് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി ഇന്ത്യയിലെ നമ്പർ വൺ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.