ന്യൂഡൽഹി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ് ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇ മെയിൽ വഴിയായിരുന്നു ഭീഷണി എത്തിയത്.
ഡോഗ് സ്‌ക്വാഡിനെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തിയിട്ടും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നുണബോംബ് പരമ്പരയുടെ ഭാഗമാണെന്ന നിഗമനത്തിലാണ് പൊലീസ്.
കൊൽക്കത്തയിൽ മാത്രം പത്തോളം ഹോട്ടലുകൾക്ക് നേരെ ഭീഷണിയുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനിടെയാണ് ഭീഷണി എത്തിയത്. താഴത്തെ നിലയിൽ കറുത്ത ബാഗിൽ ബോംബ് വെച്ചിട്ടുണ്ടെന്നും. വൈകാതെ പൊട്ടിത്തെറിക്കുമെന്നും നിങ്ങൾക്ക് ഇനി കുറച്ച് സമയം മാത്രമാണ് ജീവിതം അവശേഷിക്കുന്നതെന്നും ആയിരുന്നു ഒരു സന്ദേശത്തിലെ ഉളളടക്കം.
തിരുപ്പതിയിൽ മൂന്ന് ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. ഗുജറാത്തിലെ രാജ്‌കോട്ടിലും പത്തോളം ഹോട്ടലുകൾക്ക് ഒരേ സമയം ഭീഷണി ഉണ്ടായി. ഒരു ഇ മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണികൾ എല്ലാം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്‌ക്ക് 12.45 ഓടെയായിരുന്നു ഭീഷണി മെയിലുകൾ വന്നത്.
രാജ്യത്തെ വിമാന സർവ്വീസുകളെ ലക്ഷ്യമിട്ട് വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയായതോടെ വ്യോമയാന മേഖലയ്‌ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. സമാനമായ ലക്ഷ്യത്തോടെയാകാം ഹോട്ടലുകൾക്ക് നേരെയും ഭീഷണി ഉയർത്തുന്നതെന്നാണ് നിഗമനം. മയക്കുമരുന്ന് ശൃംഖലയുമായുളള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായ ജാഫർ സിദ്ദിഖിയുടെ പേരും ഇ മെയിലുകളിൽ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം. പാർലമെന്റ് ആക്രമണക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരു പുനർജ്ജനിക്കുമെന്നും ചില ഇ മെയിലുകളിൽ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.