കൊച്ചി: കൊച്ചിയിൽ ആവേശമായി വീണ്ടും സച്ചിൻ ടെൻഡുൽക്കർ. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ ഉദ്ഘാടനം ചെയ്യാനാണ് സച്ചിൻ കൊച്ചിയിലെത്തിയത്. ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ഇന്ത്യക്ക് ആവശ്യമെന്ന് സച്ചിൻ പറഞ്ഞു.
കൊച്ചിയിൽ നടന്ന മാരത്തോണിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും നിരവധി അമ്മമാർ പങ്കെടുത്തതും സന്തോഷം നൽകുന്നുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ഈ ആവേശവും ഊർജ്ജവുമാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഓരോ വർഷം കഴിയുന്തോറും മികച്ച ഇവന്റായി മുന്നേറുകയാണെന്നും സച്ചിൻ പറഞ്ഞു. മാരത്തണിന്റെ ഒൻപതാം പതിപ്പായിരുന്നു ഇക്കുറി നടന്നത്.
പങ്കെടുക്കുന്നവരുടെ ആവേശം കൊണ്ടാണ് ഓരോ വർഷവും പരിപാടി കൂടുതൽ വിജയമാകുന്നതെന്ന് സച്ചിൻ പറഞ്ഞു. മറൈൻ ഡ്രൈവിൽ നിന്നായിരുന്നു തുടക്കം. യുവാക്കളും പ്രായമായവരും ഉൾപ്പെടെ എണ്ണായിരത്തോളം പേരാണ് മാരത്തണിൽ പങ്കെടുക്കാൻ എത്തിയത്.
42.2 കിലോമീറ്റർ (ഫുൾ മാരത്തൺ) 21 കിലോമീറ്റർ (ഹാഫ് മാരത്തൺ) 5 കിലോമീറ്റർ (ഫൺ റൺ) എന്നീ വിഭാഗങ്ങളിൽ മാരത്തൺ ഒരുക്കിയിരുന്നു. പുലർച്ചെ 3.30 നാണ് ഫുൾ മാരത്തൺ തുടങ്ങിയത്. ഹാഫ് മാരത്തൺ 4.30 നും ഫൺ റൺ ആറ് മണിക്കും ആരംഭിച്ചു.
മറൈൻ ഡ്രൈവിൽ നിന്ന് ക്വീൻസ് വേ, തേവര, നേവൽ ബേസ്, വെണ്ടുരുത്തി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻഡ് വഴി തിരിച്ച് മറൈൻ ഡ്രൈവിൽ എത്തുന്നതാണ് ഫുൾ മാരത്തൺ. പതിനായിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്.