ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഹീബ്രു ഭാഷയിലുള്ള അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. കഴിഞ്ഞ ദിവസം തുടങ്ങിയ അക്കൗണ്ടിൽ രണ്ട് പോസ്റ്റുകളാണ് ആയത്തുള്ള പങ്കുവച്ചിട്ടുള്ളത്. ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ടാമത്തെ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്.
സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്‌തെന്നും, ഇറാനെ കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നുമാണ് ഈ പോസ്റ്റിൽ പറയുന്നത്. ഇറാന്റെ ശക്തിയും കഴിവും എത്രത്തോളമുണ്ടെന്ന് മനസിലാക്കി തരുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ഞായറാഴ്ചയാണ് പോസ്റ്റ് പങ്കുവച്ചത്. രണ്ട് ദിവസം മുൻപ് മാത്രം ആരംഭിച്ച അക്കൗണ്ടിൽ ശനിയാഴ്ചയാണ് ആദ്യ പോസ്റ്റ് പങ്കുവച്ചത്.
ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ആയത്തുള്ള എക്‌സിൽ പുതിയ അക്കൗണ്ട് ആരംഭിക്കുകയും പോസ്റ്റുകൾ പങ്കുവയ്‌ക്കുകയും ചെയ്തത്. പ്രധാന അക്കൗണ്ടിന് പുറമെയാണ് ഈ അക്കൗണ്ട് തുറന്നത്. ഹീബ്രു ഭാഷയിലായിരുന്നു ഈ രണ്ട് സന്ദേശങ്ങളും. പ്രധാന അക്കൗണ്ടിൽ ഹീബ്രു ഭാഷയിലും, ഇസ്രായേലിനെതിരെ കടുത്ത സന്ദേശങ്ങളും അധികം പങ്കുവച്ചിരുന്നില്ല.
Leave a Comment