ന്യൂഡൽഹി: ഗണേശപൂജയോടനുബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്. ഇത്തരം കൂടിക്കാഴ്ചകളിൽ ജുഡീഷ്യൽ വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാറില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും യോഗം നടത്തുന്നത് പതിവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലോക്സത്ത വാർഷിക പ്രഭാഷണത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചീഫ് ജസ്റ്റിസ്.
എന്തിനാണ് ഇത്തരം കൂടിക്കാഴ്ചകൾ നടത്തുന്നത് എന്നാണ് ആളുകൾ ചിന്തിക്കുന്നത്. രാഷ്‌ട്രീയക്കാർക്ക് ജുഡീഷ്യറിയോട് വലിയ ബഹുമാനമുണ്ട് എന്നുള്ളതാണ് നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ വ്യവസ്ഥിതിയുടെ പക്വത. അത് എല്ലാവർക്കുമറിയാം. ജുഡീഷ്യറിയുടെ ബജറ്റ് സംസ്ഥാനത്ത് നിന്നുള്ളതാണ്. ആ ബജറ്റ് ജഡ്ജിമാർക്കുള്ളതല്ല. പുതിയ കോടതി സമുച്ചയങ്ങൾ, ജഡ്ജിമാർക്ക് പുതിയ വസതികൾ എന്നിവയെല്ലാം നമുക്ക് ആവശ്യമാണ്. അതിനായി ന്യായാധിപന്മാരും മുഖ്യമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ചകളും ചർച്ചകളും യോഗങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
നേരത്തെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടാൽ അതിന് ശേഷം അവർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകും. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയും വരും. ഈ യോഗങ്ങൾക്കെല്ലാം അജണ്ട നിശ്ചയിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് സംസ്ഥാനത്ത് പുതിയ പത്ത് പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചുവെന്ന് കരുതുക. അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ച്ചർ, ബജറ്റ്, ഏത് പദ്ധതിക്കാണ് മുൻഗണന എന്നീ കാര്യങ്ങളെല്ലാം ചീഫ് ജസ്റ്റിസിനെ മുഖ്യമന്ത്രി അറിയിക്കും. ഇതിനായി കൂടിക്കാഴ്ച നടത്തേണ്ടി വരും. ഇതെല്ലാം കത്തുകളിലൂടെ നടത്താമെന്ന് വിചാരിച്ചാൽ പണികളൊന്നും തത്കാലം പൂർത്തിയാകില്ല. – ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
വലിയ പക്വതയോടെയാണ് നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ന്യായാധിപന്മാരെ കാണാൻ മുഖ്യമന്ത്രിമാർ എത്തുമ്പോൾ, ഈ യോഗങ്ങൾക്കിടയിൽ, കോടതിയിലെ തീർപ്പാക്കാത്ത കേസിനെക്കുറിച്ച് ഒരിക്കലും ഒരു മുഖ്യമന്ത്രിയും ചോദിക്കില്ല. ഓഗസ്റ്റ് 14, ജനുവരി 26, ഒരു വിവാഹത്തിന്, സംസ്കാരചടങ്ങിന് അങ്ങനെ ഏതുസാഹചര്യത്തിൽ ന്യായാധിപന്മാരും മുഖ്യമന്ത്രിമാരും തമ്മിൽ കണ്ടാലും ജൂഡീഷ്യൽ കാര്യങ്ങളുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും ഉണ്ടാകില്ല. ആളുകൾ ചോദിക്കാറുണ്ട്, ഈ കൂടിക്കാഴ്ചകളിൽ എന്ത് ഡീലാണ് നടക്കുന്നതെന്ന്, അവിടെ നല്ല രീതിയിലുള്ള സംസാരങ്ങളും ചർച്ചകളും മാത്രമാണ് നടക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.