കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. KSRTCയുടെ ലോ ഫ്ലോർ AC ബസിനാണ് തീപിടിത്തമുണ്ടായത്. എറണാകുളം ചിറ്റൂർ റോഡിലാണ് അപകടം. തീ പടരുന്ന ഘട്ടത്തിൽതന്നെ യാത്രക്കാരെ പൂർണമായും ബസിൽ നിന്ന് പുറത്തെത്തിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. പൊലീസും ഫയർഫോഴ്‌സും തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.
തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് ദീർഘദൂര സർവീസ് നടത്തുന്ന KSRTC എസി ബസിലാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ക്രമീകരണങ്ങൾ ബസിനുള്ളിൽ ഉണ്ടായിരുന്നതിനാൽ ഡ്രൈവറിന് അപായ മുന്നറിയിപ്പ് ലഭിച്ചു. ഇതിനെത്തുടർന്ന് ബസിൽ നിന്ന് യാത്രക്കാരെ എത്രയും പെട്ടന്ന് ഒഴിപ്പിക്കുകയായിരുന്നു. 20ൽ താഴെ യാത്രക്കാരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്.
യാത്രക്കാരെ പുറത്തിറക്കിയതിനുപിന്നാലെ ബസിന്റെ പുറകിൽ നിന്നും പുകയും തീയും ഉയരുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ബസിന്റെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തീപിടിത്തത്തെ തുടർന്ന് ചിറ്റൂർ റോഡിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. നിലവിൽ ബസിൽ ഫയർഫോഴ്‌സിന്റെ പരിശോധന നടക്കുകയാണ്.















