ഭോപാൽ: ജബൽപൂർ ആയുധ ഫാക്ടറി സ്ഫോടനത്തിൽ സംശയാസ്പദമായ വീഡിയോ പങ്കിട്ട എക്സ് അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ച് രഹസ്യാന്വേഷണ ഏജൻസികൾ. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 11 ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെയാണ് പാകിസ്താൻ സിന്ദാബാദ് എന്ന എക്സ് അക്കൗണ്ടിൽ ജബൽപൂർ ഫാക്ടറിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
റഷ്യൻ പിക്കോഡ ബോംബ് നിർമ്മാണത്തിനിടെയാണ് ഫാക്ടറിയുടെ F-6 സെക്ഷനിൽ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെയാണ് ഫാക്ടറിയുടെ വീഡിയോ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ജബൽപൂരിലുള്ള ഖമാരിയ ആയുധ ഫാക്ടറി സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷവും ആതിഥ്യത്തിന് നന്ദിയും രേഖപ്പെടുത്തുന്നതാണ് പോസ്റ്റ്. “Love Pak Armies ” എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ ഉത്ഭവം, സന്ദർഭം ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിഷയം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി യോഗേഷ് ദേശ്മുഖ് അറിയിച്ചു. എക്സ് അക്കൗണ്ടിൽ പങ്കിട്ട വീഡിയോയ്‌ക്കും സ്ഫോടനത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അഡിഷണൽ എസ്പി സമർവർമയും മാദ്ധ്യമങ്ങളോട് പറഞ്ഞു.















