സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ മരണ വാർത്തയിൽ പ്രതികരിച്ച് ബോളിവുഡ് നടി നീന കുൽകർണി. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നീന കുൽകർണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹിന്ദി, മറാഠി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നീന കുൽകർണി. എന്നാൽ, അടുത്തിടെ നീന കുൽകർണി മരിച്ചെന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
“ഞാൻ സുഖമായി ഇരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് വാർത്ത അറിഞ്ഞ ഉടനെ പ്രതികരിക്കാതിരുന്നത്. ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല. എനിക്ക് ഒന്നും സംഭവിച്ചിട്ടുമില്ല. ദയവായി ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ഇത്തരം വാർത്തകളെ ആരും പ്രോത്സാഹിപ്പിക്കരുത്” – നീന കുൽകർണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മുതിർന്ന നടി മരിച്ചെന്ന വാർത്ത സോഷ്യൽ മീഡിയ ഇടങ്ങളിലും വേഗം പ്രചരിച്ചിരുന്നു. തുടർന്ന് ആരാധകരുടെ അനുശോചന പ്രവാഹമായിരുന്നു. മരണവാർത്ത നിഷേധിച്ചുകൊണ്ടുളള നീന കുൽകർണിയുടെ പോസ്റ്റിന് പിന്നാലെ താരത്തെ പിന്തുണച്ച് ആരാധകരും രംഗത്തെത്തി. ദീർഘായുസോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് ആരാധകർ ആശംസിച്ചു. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നും ചിലർ പ്രതികരിച്ചു.