എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മഹാരാജാസ് കോളേജിൽ നിന്നും പുറത്തേക്ക്. ദീർഘനാളായി ആർഷോ കോളേജിൽ ഹാജരാകുന്നില്ലെന്ന് കോളേജ് അധികൃതർപറയുന്നു. കാരണം അറിയിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് വ്യക്തമാക്കി മാതാപിതാക്കൾക്ക് കോളേജ് പ്രിൻസിപ്പൽ നോട്ടീസ് നൽകി. എന്നാൽ താൻ എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്നാണ് ആർഷോയുടെ പ്രതികരണം.
മഹാരാജാസ് കോളേജിലെ ഏഴാം വർഷ ആർക്കിയോളജി ഇന്റഗ്രെറ്റഡ് പിജി വിഭാഗത്തിലെ വിദ്യാർത്ഥിയാണ്. എന്നാൽ ദീർഘനാളായി ആർഷോ കോളജിൽ എത്തിയിട്ടില്ലെന്നുംകാരണം വ്യക്തമാക്കിയില്ലെങ്കിൽ ആർഷോയെ പുറത്താക്കുമെന്നും അറിയിച്ചുകൊണ്ടാണ് മാതാപിതാക്കൾക്ക് കത്തയച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ആർഷോ കോളേജിനയച്ച മെയിലിൽ താൻ എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് പറയുന്നു.
ബിരുദം ഉൾപ്പെടെ 10 വർഷത്തെ ഇന്റഗ്രെറ്റഡ് പിജിയിൽ 6 സെമസ്റ്റർ പൂർത്തിയാക്കിയ ശേഷം എക്സിറ്റ് ഓപ്ഷൻ എടുക്കാവുന്നതാണ്. ഇവർക്ക് ബിരുദ സർട്ടിഫിക്കറ്റ് മാത്രം ലഭിക്കും. എന്നാൽ ആറ് സെമസ്റ്ററിലും കൃത്യമായി അറ്റൻഡൻസ് ഉള്ള, പരീക്ഷകൾ പാസായ വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ഓപ്ഷൻ വിനിയോഗിക്കാൻ അവസരമുള്ളു. എന്നാൽ ആർഷോ പരീക്ഷകൾ പലതും പാസായിട്ടില്ലെന്നും ദീർഘകാലമായി കോളേജിൽ വന്നിട്ടില്ലെന്നും അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്.
എക്സിറ്റ് ഓപ്ഷൻ എടുത്താലും ആർഷോയ്‌ക്ക് ബിരുദം നൽകി പറഞ്ഞുവിടാനാവില്ല എന്നതാണ് കോളേജ് അധികൃതരെ കുഴക്കുന്നത്. ഇതിനെത്തുടർന്ന് വിഷയത്തിൽ മഹാരാജാസ് കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിരിക്കുകയാണ്.















