ന്യൂഡൽഹി: തന്റെ കുടുംബാംഗവും പ്രതിപക്ഷ എൻസിപി നേതാവുമായ ശരദ് പവറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്ത് പവാർ. ശരദ് പവാർ കുടുംബത്തിൽ പിളർപ്പുണ്ടാക്കി. താൻ മത്സരിക്കുന്ന ബരാമതി സീറ്റിൽ എതിർ സ്ഥാനാർത്ഥിയായി കുടുംബാംഗത്തെ തന്നെ നിർത്തിയത് ശരദ് പവാറിന്റെ തരം താഴ്‍ന്ന രാഷ്‌ട്രീയമാണെന്നും അജിത്ത് പവാർ ആരോപിച്ചു.
ബരാമതിയിൽ പത്രികാ സമർപ്പണത്തിനുശേഷം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് എൻസിപി നേതാവ് വൈകാരികമായി പ്രതികരിച്ചത്.
“എന്റെ അമ്മ വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. അവർ എനിക്കെതിരെ ആരെയും മത്സരിപ്പിക്കരുതെന്ന് അവരോട് (ശരദ് പവാർ സഖ്യം) പറഞ്ഞിരുന്നു. എന്നാൽ എനിക്കെതിരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ആരെയോ അവർ ഏർപ്പെടുത്തിയതായി ഞാൻ അറിഞ്ഞു. അയാൾ കുടുംബത്തിൽ പിളർപ്പുണ്ടാക്കി,” അജിത്ത് പവാർ പറഞ്ഞു.
രാഷ്‌ട്രീയത്തെ ഇത്രത്തോളം തരം താഴ്‌ത്തരുതെന്നും കുടുംബത്തെ ഒന്നിപ്പിച്ചു നിർത്താൻ തലമുറകൾ വേണ്ടിവരുമെന്നും എന്നാൽ തകർക്കാൻ ഒരുനിമിഷം പോലും വേണ്ടെന്നും ശരദ് പവറിനുള്ള മറുപടിയായി ഉപമുഖ്യമന്ത്രി പറഞ്ഞു. ശരദ് പവാറിന്റെ ചെറുമകനായ യോഗേന്ദ്ര പവറിനെയാണ് ബരാമതിയിൽ അജിത് പവറിനെതിരെ മത്സരിപ്പിക്കുന്നത്.















