കൊച്ചി: സമാജസേവനത്തിനായി സ്വയം സമർപ്പിച്ച ജീവിതം. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ ദേശീയരാഷ്‌ട്രീയത്തിൽ പോലും സൗമ്യസാന്നിധ്യം അറിയിച്ച സ്വയം സേവകൻ. രംഗ ഹരിയെന്ന് ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും മുൻ അഖില ഭാരതീയ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖുമായിരുന്ന ആർ ഹരിയേട്ടന്റെ വേർപാടിന് ഒരുവർഷം.
തത്വ ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങി ബഹുമുഖമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതമായിരുന്നു ഹരിയേട്ടൻ എന്ന് സ്വയംസേവകർ സ്‌നേഹപൂർവ്വം വിളിക്കുന്ന ആർ ഹരിയുടേത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ അദേഹത്തിന്റെ പണ്ഡിത്യവും ശ്രദ്ധേയമായിരുന്നു . സംഘ കുടുംബത്തിലെ സ്‌നേഹ നിധിയായ കാരണവർ. ദേശീയതയുടെ ആദർശത്തിന്റെ വഴിയിലൂടെ കാലത്തേയും രാജ്യത്തെയും നയിച്ച സമ്പൂർണ സംഘടകൻ.
എറണാകുളം ടിഡി സ്വദേശികളായ രംഗ ഷേണോയിയുടെയും പത്മവതിയുടെയും മകനായി 1930 ലായിരുന്നു ജനനം. സമർത്ഥനായ വിദ്യാർത്ഥി. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതേ കാലത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തിലേക്ക് എത്തുന്നത്. അക്കാലത്ത് സംഘ പ്രവർത്തനത്തിനായി മഹാരാഷ്‌ട്രയിൽ നിന്നുമെത്തിയ പ്രചാരകൻ ഭാസ്‌കർ റാവുജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
മഹാരാജാസ് കോളേജിലായിരുന്നു ഡിഗ്രി പഠനം. 1948 ൽ ഗാന്ധിവധത്തെ തുടർന്നു സംഘ നിരോധനം ഉണ്ടായപ്പോൾ സംഘത്തിന്റെ അഖിലഭാരതീയ സത്യഗ്രഹത്തിൽ പങ്കെടുത്തു ജയിൽവാസം അനുഷ്ട്ടിച്ചതിനാൽ ഒരു വർഷത്തെ കോളേജ് വിദ്യാഭ്യാസം മുടങ്ങി. പിന്നീട് ഡിഗ്രി പാസ്സായി. 1951ൽ സംഘപ്രചാരകായി, ആദ്യം വടക്കൻ പറവൂരിൽ. പിന്നീട്, തൃശൂർ ജില്ല, പാലക്കാട് ജില്ല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വിഭാഗ് പ്രചാരകനായി പ്രവർത്തിച്ചു.
1980ൽ കേരളത്തിന്റെ സഹ പ്രാന്തപ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്തപ്രചാരകും, 1990ൽ അഖില ഭാരതീയ ബാവാധിക് ശിക്ഷൺ പ്രമുഖുമായി. ഈ കാലഘട്ടത്തിൽ ഭാരതം മുഴുവൻ അദ്ദേഹം സംഘ പ്രവർത്തനത്തിന്റെ ഭാഗമായി നിരന്തരം പ്രവാസം ചെയ്തു. പോകുന്ന ഓരോ സ്ഥലത്തും അവിടെയുള്ള സ്വയംസേവകരോടും കുടുംബങ്ങളോടും അടുപ്പം പുലർത്തി. ഒരിക്കൽ പരിചയപ്പെട്ട വ്യക്തിയെ പിന്നീട് എന്നും ഓർമിക്കുന്ന അദേഹത്തിന്റെ ഓർമ്മശക്തി സംഘപ്രവർത്തകരിൽ അത്ഭുതമായിരുന്നു.
മികച്ച സംഘാടകനും കൂടിയായിരുന്നു ആർ. ഹരി. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രാന്തപ്രചാരക് ഭാസ്‌കർ റാവുജിയും മാധവ്ജിയും ആർ ഹരിയുമായിരുന്നു സംഘത്തിന്റെ സംഘടനാ പ്രവർത്തനം നയിച്ചിരുന്നത്.
വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ തുടർന്ന് ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടുനിന്ന അദ്ദേഹം പ്രാന്തകാര്യാലയമായ മാധവ നിവാസിൽ താമസിച്ച് സ്വയംസേവകർക്ക് മാർഗദർശനം നൽകി. വിശ്രമ ജീവിതത്തിനിടയിലും അദേഹത്തിന്റെ ജ്ഞാന തപസ് തുടർന്നു. 2023 ഒക്ടോബർ മാസം 29 ന് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.
അവസാനമായി സഹപ്രവർത്തകർക്ക് കരുതിവെച്ച കത്തിൽ വീണ്ടും ഈ പുണ്യ ഭൂമിയിൽ ജനിക്കണമെന്നും ഇതേ പ്രവർത്തനം ചെയ്യാൻ സാധിക്കണമെന്നുമുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു.