പാലക്കാട്: കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കളെ നാട്ടിലെത്താൻ സഹായിച്ചത് ഒറ്റപ്പാലം സ്വദേശിയുടെ ഇടപെടൽ. കാനഡയിൽ വിദ്യാർഥിയായ തോട്ടക്കര രാധാ നിവാസിൽ സിദ്ധാർത്ഥിന്റെ അവരോചിതമായ ഇടപെടലാണ് യുവാക്കളെ തുണച്ചത്. കഴിഞ്ഞ ദിവസമാണ് 7 യുവാക്കൾ നാട്ടിൽ തിരിച്ചെത്തിയത്.
ഒരു ലക്ഷം രൂപ വീതം വിസയ്‌ക്കായി നൽകി ഒക്ടോബർ മൂന്നിനാണ് സംഘം ബാംഗ്ലൂരിൽ നിന്ന് തായ്‌ലാൻഡിലേക്ക് പുറപ്പെട്ടത്. തായ്ലാൻഡിൽ എത്തിയ ശേഷം കംബോഡിയയിൽ ആണ് ജോലി എന്നു പറഞ്ഞ അങ്ങോട്ടേക്ക് കൊണ്ടുപോയി. കംബോഡിയൻ കമ്പനിക്ക് 2500 ഡോളർ വീതം വാങ്ങി വരെ വിൽക്കുകയായിരുന്നു. ഇവിടെ സൈബർ തട്ടിപ്പ് നടത്താനായിരുന്നു കമ്പനിയുടെ നിർദ്ദേശം. അനുസരിക്കാതെ വന്നതോടെ ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്പുവടികൊണ്ടും മർദിച്ചു.
ഇതിനിടെ ഒളിപ്പിച്ച് വെച്ച ഫോണിൽ നിന്ന് സംഘം നാട്ടിലുള്ള സുഹൃത്ത് അർജ്ജുനെ ബന്ധപ്പെട്ടു. അർജ്ജുനാണ് സുഹൃത്തായ സിദ്ധാർത്ഥിന്റെ സഹായം തേടിയത്. തുടർന്ന് വിശദമായ പരാതിയും ഇവരുടെ രേഖകളും സഹിതം എംബസിയുമായും വിദേശകാര്യമന്ത്രാലവുമായി സിദ്ധാർത്ഥ് ബന്ധപ്പെട്ടു. ഇതിനിടെ യുവാക്കൾ ടാക്സി ഡ്രൈവറുടെ സഹായത്തോടെ എംബസിയിൽ എത്തി. പരാതി മുൻകൂട്ടി ലഭിച്ചതിനാൽ എംബസിയുടെ സഹായം യുവാക്കൾക്ക് ലഭിച്ചു. പിന്നാലെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്.
കുളങ്കരത്തൊടി സജീവൻ-ശുഭ ദമ്പതികളുടെ മകനാണ് സിദ്ധാർത്ഥ്. ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോയത്. പാർടൈം ജോലി ചെയ്താണ് പഠനം.
Leave a Comment