പത്തനംതിട്ട; പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് തുടക്കം മുതൽ യാതൊരു വിലക്കുമില്ലായിരുന്നുവെന്ന് എഡിഎം നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു. ഈ നിമിഷവും ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. അവർ അതാണ് ചെയ്യേണ്ടതെന്നും പ്രവീൺ ബാബു പറഞ്ഞു. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സഹോദരൻ.
നവീൻ ബാബുവിന്റെ കുടുംബാംഗം എന്ന നിലയ്‌ക്ക് ആഗ്രഹിച്ച വിധിയാണിത്. പ്രതിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. രാഷ്‌ട്രീയമായിട്ടല്ല, നിയമപരമായി തന്നെയാണ് തുടക്കം മുതൽ നീങ്ങിയത്. അങ്ങനെ മുന്നോട്ടുപോകും. അതിന്റെ ഏതറ്റം വരെയും പോകുമെന്നും പ്രവീൺ ബാബു പറഞ്ഞു.
ഈ ഘട്ടത്തിൽ പാർട്ടിയോട് എന്തെങ്കിലും ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ഞാൻ പാർട്ടി പ്രവർത്തകനല്ല, എനിക്ക് പാർട്ടിയോട് ഒന്നും ആവശ്യപ്പെടാനില്ലെന്നുമായിരുന്നു പ്രവീൺ ബാബുവിന്റെ പ്രതികരണം. രാഷ്‌ട്രീയത്തെ ഭയപ്പെടുന്നില്ല. ഒരിടത്ത് നിന്നും ഒരു നിർദ്ദേശവും വന്നിട്ടില്ല. നിയമപരമായ വശം മാത്രമേ നോക്കിയിട്ടുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുതാര്യമായ അന്വേഷണം നടക്കണം. ആശങ്കകൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷണ പരിധിയിൽ വരണം. എന്തങ്കിലും ഗൂഢാലോചനയുണ്ടെങ്കിൽ അതെല്ലാം പുറത്തുവരണം.
പുതിയ അന്വേഷണ സംഘം അവരുടെ അന്വേഷണം തുടങ്ങിയിട്ടേ ഉളളൂ. പ്രശാന്തൻ ബിനാമിയാണെന്ന് സംശയിക്കുന്നുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു.