ചർമ്മ സംരക്ഷണത്തിനായി സമയം ചിലവഴിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമാണ്. ഇതിനായി പലവിധ ആയുർവേദ, കെമിക്കൽ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ വാങ്ങാൻ മടിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. മറ്റൊന്നും കൊണ്ടല്ല ഇതിന്റെ ഭീമമായ വിലയാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ദിവസേനയുള്ള ചർമസംരക്ഷണ ശീലങ്ങളിൽ കുങ്കുമപ്പൂവ് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കുങ്കുമപ്പൂവിന് നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. ഈ ആഡംബര സുഗന്ധവ്യഞ്ജനത്തിന് ഇന്ത്യയിൽ കിലോയ്‌ക്ക് 3 ലക്ഷം രൂപയാണ് വില. സാഫ്രോൺ ക്രോക്കസ് എന്നറിയപ്പെടുന്ന ക്രോക്കസ് സാറ്റിവസ് പുഷ്പത്തിന്റെ അതിലോലമായ, കടും ചുവപ്പ് നിറത്തിലുള്ള നേർത്ത നാരുപോലുള്ള ഭാഗമാണ് ചർമ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു പൗണ്ട് കുങ്കുമപ്പൂ ഉത്പാദിപ്പിക്കാൻ ഏകദേശം 75,000 പൂക്കൾ വേണ്ടിവരുന്നതിനാലാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നായി ഇത് മാറിയത്.
കുങ്കുമപ്പൂവ് മുഖത്തിന് തിളക്കം നൽകുന്നു. പിഗ്മെൻ്റേഷൻ, കറുത്ത പാടുകൾ, എന്നിവ കുറയ്‌ക്കാൻ സഹായിക്കും. മുഖക്കുരുവിനെ ചെറുക്കുന്നതിനുള്ള ആൻറി ബാക്ടീരിയൽ ഏജൻ്റായി ഇത് പ്രവർത്തിക്കുന്നു കൂടാതെ, ലോഷനുകൾ, മോയ്സ്ചറൈസറുകൾ, ഡി-പിഗ്മെൻ്റേഷൻ, ആൻ്റി-ഏജിംഗ് ഉൽപ്പന്നങ്ങൾ എന്നിവയിൽ കുങ്കുമപ്പൂവ് പലപ്പോഴും ഉപയോഗിക്കാറുണ്ട്. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കുങ്കുമപ്പൂവിന് കഴിയുമെന്നും പഠനങ്ങൾ പാറയുന്നു.
കുങ്കുമപ്പൂവ് ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്, ഇത് അകാല വാർദ്ധക്യത്തിനും ഫോട്ടോഡാമേജിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. കുങ്കുമപ്പൂവ് കൊണ്ടുള്ള എണ്ണ ചർമ്മസംരക്ഷണത്തിന് ഉപയോഗപ്രദമാണ്. കുങ്കുമപ്പൂവ് ഭക്ഷണപദാർത്ഥങ്ങളിലും പാലിലുമെല്ലാം ചേർത്ത് ഉപയോഗിക്കുന്നത് രുചി വർദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.