വായയുടെ ശുചിത്വം നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പല്ലുതേപ്പ്. രണ്ടുനേരം പല്ലുതേയ്‌ക്കുന്നത് നല്ലതാണെന്ന് ദന്തരോഗ വിദഗ്ധർ പറയാറുമുണ്ട്. എന്നാൽ പല്ലുതേപ്പ് അമിതമായാലും പണിയാകും. കൂടുതലായി പല്ലുതേയ്‌ക്കുകയോ തെറ്റായ രീതിയിൽ പല്ലുവൃത്തിയാക്കുകയോ ചെയ്താൽ ഗുണത്തേക്കാളേറ ദോഷമാണ് ഉണ്ടാവുക. അതായത്, പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുക, പല്ലുകൾ സെൻസിറ്റീവാകുക തുടങ്ങിയ പ്രശ്നങ്ങളിലേക്ക് അത് നയിച്ചേക്കാം.
ധാരാളം അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുകയും തെറ്റായ രീതിയിൽ പല്ലുതേയ്‌ക്കുകയും ചെയ്താൽ ഗുരുതരമായ ദന്തരോഗങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അസിഡിക് അംശം അധികമുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് പല്ലിന്റെ ഇനാമലിനെ ബാധിച്ചേക്കാം. ഇനാമൽ ഇളകി പോകുന്നത് വഴി പല്ലിന്റെ ഘടന തന്നെ തകരാറിലാകും. പല്ലുകൾ ചുരുങ്ങും, കൂടുതൽ സെൻസിറ്റീവാകും, വേദന അനുഭവപ്പെടുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
സിട്രസ് ഫ്രൂട്ടുകൾ, സോഡ, സിട്രസ് ഫ്രൂട്ട് ജ്യൂസുകൾ എന്നിവ നിരന്തരം കഴിക്കുന്നതിലൂടെ വായിലെ pH ലെവൽ കുറഞ്ഞേക്കാം. ഇതുവഴി പല്ലിൽ മാറ്റങ്ങൾ വരികയും സ്ഥിരംകേടുപാടുകൾക്ക് കാരണമാവുകയും ചെയ്തേക്കാം.
അസിഡിക് ഭക്ഷണങ്ങളിൽ നിന്നുള്ള റിയാക്ഷനുകൾ ഒഴിവാക്കാൻ ഒരു കാര്യം ശ്രദ്ധിക്കാവുന്നതാണ്. സിട്രസ് ആഹാരങ്ങൾ കഴിച്ചതിന് തൊട്ടുപിന്നാലെ പല്ലുതേയ്‌ക്കാതിരിക്കുക. എന്തുകഴിച്ചാലും പല്ലുതേയ്‌ക്കുന്ന ശീലമുള്ളവരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. അസിഡിക് ഭക്ഷണങ്ങൾ, പാനീയങ്ങൾ, ഫ്രൂട്ടുകൾ എന്നിവ കഴിച്ചാൽ രണ്ട് മണിക്കൂർ ഇടവേളയെടുത്തതിന് ശേഷം മാത്രം പല്ലുതേയ്‌ക്കുക. പല്ലുകളുടെ ആരോഗ്യത്തിന് pH ലെവൽ ഏഴിൽ നിൽക്കുന്ന ആഹാരങ്ങളാണ് നല്ലതെന്ന് ഓർക്കുക. അതുപോലെ ഹാർഡ് ടൂത്ത്ബ്രഷ് ഉപയോഗിച്ച് പല്ലുതേയ്‌ക്കുന്നത് ഒഴിവാക്കുന്നതാണ് പല്ലിന്റെ ഇനാമൽ കാത്തുസൂക്ഷിക്കുന്നതിന് നല്ലത്.