കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധിയിൽ പരാമർശിക്കുന്ന മൊഴി ശരിയാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞിട്ടുണ്ടെന്നും യാത്രയയപ്പ് ചടങ്ങിൽ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“കോടതിയുടെ പരിധിയിൽ നിൽക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ല. എന്റെ മൊഴി പൂർണമായും പുറത്തുവന്നിട്ടില്ല. അന്ന് ഉണ്ടായ എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞു. അന്വേഷണം നടക്കട്ടെ.
എട്ട് മാസത്തോളം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. കുടുംബത്തിന് അയച്ച കത്തിൽ പറഞ്ഞത്, എന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു. ബാക്കി പൊലീസാണ് അന്വേഷിക്കേണ്ടത്’.
നവീൻ ബാബുവിന്റെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും അന്വേഷിക്കട്ടെ. കോടതി വിധിയിലുള്ള ഭാഗം ഞാൻ മൊഴി നൽകിയ കാര്യങ്ങൾ തന്നെയാണ്. പ്രതികരിക്കുന്നതിൽ പരിമിതിയുണ്ട്. നവീൻ കുമാർ തെറ്റ് ചെയ്തുവെന്ന് പറയാൻ ഇപ്പോൾ കഴിയില്ലെന്നും കളക്ടർ പറഞ്ഞു.