ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ന് പ്രത്യേകം സർവീസ് നടത്തുന്നത് 164 ട്രെയിനുകൾ. സെക്കന്ദരാബാദ്, അഹമ്മദാബാദ്, ഉജ്ജയിൻ, ഭോപ്പാൽ, ഡൽഹി, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. ബിഹാറിലും ഉത്തർപ്രദേശിലുമാണ് ഇവ സർവീസ് നടത്തുന്നതെന്ന് റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചു.
ഉത്സവ സീസണോടനുബന്ധിച്ച് 7,000 സർവീസുകളാണ് റെയിൽവേ നടത്തുന്നത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിലെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ 24 മണിക്കൂറും ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ പൊലീസ്, സഹായ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരക്ക് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്കായി കൂടുതൽ ഇരിപ്പിടങ്ങളും വിശ്രമ സ്ഥലങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം 4,300 സ്പെഷ്യൽ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ഉത്സവ സീസണിൽ സർവീസ് നടത്തിയത്.
ദീപാവലി, ഛത്ത് പൂജ എന്നിവയ്‌ക്കിടെ നോർത്തേൺ റെയിൽവേയുടെ പ്രത്യേക ക്രമീകരണത്തെക്കുറിച്ച് ജനറൽ മാനേജർ അശോക് കുമാർ വർമ മാധ്യമങ്ങളോട് വിശദീകരിച്ചു. സ്പെഷ്യൽ ട്രെയിനുകളിൽ 85 ശതമാനവും യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലേക്കാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.