ബെംഗളൂരു : രേണുകാ സ്വാമി വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി സോപാധികമായ ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാൻ ദർശൻ തൂഗുദീപ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി അനുവദിക്കുകയായിരുന്നു.
കർശനമായ ഉപാധികളോടെയാണ് ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെയും ചികിത്സയുടെ വിവരങ്ങൾ ഒരാഴ്ചയ്‌ക്കകം കോടതിയിൽ സമർപ്പിക്കണം.
ദർശന്റെ പാസ്‌പോർട്ട് കോടതി സൂപ്രണ്ടിന് നൽകണമെന്നും എല്ലാ ആഴ്ചയും ചികിത്സയുടെ വിശദാംശങ്ങൾ നൽകണമെന്നും ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ പറ്റില്ലെന്നും ഉപാധിയുണ്ട്.
സുഷുമ്‌നാ നാഡിക്കുള്ള തകരാർ പരിഹരിക്കുന്നതിനായി ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാനാണ് ദർശൻ തൂഗുദീപ ജാമ്യാപേക്ഷ നൽകിയത്.
നേരത്തെ ദർശൻ കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് ദർശന്റെ അഭിഭാഷകൻ സി.വി.നാഗേഷ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ദർശന് കടുത്ത നടുവേദനയുണ്ട്, ശസ്ത്രക്രിയ ആവശ്യമാണ്, ചികിത്സ വൈകിയാൽ മസ്തിഷ്‌കാഘാതമുണ്ടാകുമെന്ന ഭയമുണ്ടെന്ന് ഡോക്ടർ നൽകിയ റിപ്പോർട്ട് ദർശന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.
ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമി എന്ന 33 കാരൻ തന്റെ സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.ജൂൺ ഒമ്പതിനാണ് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിയിലെ അപ്പാർട്ട്‌മെൻ്റിന് സമീപമുള്ള തോട്ടിൽ കണ്ടെത്തിയത്.
ദർശന്റെ നിർദേശപ്രകാരം ചിത്രദുർഗയിലെ ഫാൻസ് ക്ലബ്ബിന്റെ ചുമതലക്കാരനായ രാഘവേന്ദ്രയാണ് രേണുകസ്വാമിയെ ബംഗളൂരുവിലെ ആർആർ നഗറിലെ ഷെഡിലേക്ക് കൊണ്ടുവന്നത്. ഈ ഷെഡിൽ വച്ചാണ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
രേണുകസ്വാമിയുടെ മരണകാരണം ഷോക്കേറ്റും ഒന്നിലധികം മുറിവുകൾ മൂലമുള്ള രക്തസ്രാവം മൂലവുമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.















