ബെംഗളൂരു: വിജയപുരയിലെ കർഷകരുടെ ഭൂമി കൈയ്യേറാനുള്ള വഖഫ് നീക്കത്തിനെതിരെ ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് (ജെപിസി) കത്തയച്ച് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. ജെപിസിയെ നേരിട്ട് കാണാൻ കർഷകരുടെ പ്രതിനിധി സംഘത്തിന് അവസരം ഒരുക്കണമെന്നാവശ്യമാണ് കത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. കത്തിന്റെ പകർപ്പ് അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ വഖഫ് ദേദഗതി ബിൽ-2024 ജെപിസിയുടെ പരിഗണനയിലാണ്.

ആഴ്ചകൾക്ക് മുമ്പാണ് കർണ്ണാടക വിജയപുര ജില്ലയിലെ ഹോൻവാഡ ഗ്രാമത്തിൽ 1200 ഏക്കർ കൃഷി ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. 41 കർഷകർക്ക് ഇത് സംബന്ധിച്ച് നോട്ടീസും ലഭിച്ചു. കർണ്ണാടക സർക്കാരും വഖഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബോധ്യമായതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.
കർഷകർക്ക് പിന്തുണയുമായി ബിജെപി സമരമുഖത്തുണ്ട്. അഖണ്ഡ കർണാടക ഫാർമേഴ്‌സ് അസോസിയേഷന്റെയും കർണാടക സ്‌റ്റേറ്റ് ഫാർമേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലും പ്രതിഷേധം നടക്കുന്നുണ്ട്.















