കൊൽക്കത്ത: ദുർഗാ പൂജയ്‌ക്കിടെ വിവിധ പൂജാ പന്തലുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി കൊൽക്കത്ത ഹൈക്കോടതി. വിവിധ ജില്ലകളിൽ ഉണ്ടായ അതിക്രമ സംഭവങ്ങളെകുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ജില്ലകളിലെയും പൊലീസ് സൂപ്രണ്ടുമാരും സംസ്ഥാനത്തെ കമ്മീഷണർമാരും റിപ്പോർട്ടുകൾ ഡിജിപിക്ക് കൈമാറണം. ജസ്റ്റിസ് ഹിരണ്മയി ഭട്ടാചാര്യ അദ്ധ്യക്ഷയായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം നവംബർ 14 ന് ഡിജിപി അന്തിമ റിപ്പോർട്ട് ഹൈക്കോടതിക്ക് മുൻപാകെ സമർപ്പിക്കും. വിശ്വഹിന്ദു പരിഷത്ത് നാദിയ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് റിതു സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊൽക്കത്തയിലെ ഗാർഡൻ റീച്ചിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ദുർഗാ പൂജാ പന്തലിന് നേരെയുണ്ടായ അതിക്രമങ്ങളിൽ സുതാര്യമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അന്വേഷണ ചുമതല സംസ്ഥാന ഏജൻസികൾക്ക് പകരം സ്വതന്ത്ര ഏജൻസികൾക്ക് നൽകണമെന്നും റിതു സിംഗ് ഹർജിയിൽ ആവശ്യപ്പെട്ടു.
ദുർഗാപൂജയ്‌ക്കിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന ആക്രമണ സംഭവങ്ങൾ റിതു സിംഗിന്റെ അഭിഭാഷകൻ പരാമർശിച്ചു. ഗാർഡൻ റിച്ച് ഏരിയയിലെ ദുർഗാപൂജ പന്തലിനുനേരെ അതിക്രമം അഴിച്ചുവിട്ട അക്രമകാരികൾ കൂച്ച്ബിഹാർ, ശീതാൽകുച്ചി, ഹൗറയിലെ ശ്യാംപൂർ, നാദിയ ജില്ല എന്നിവിടങ്ങളിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. നിലവിലെ പൊലീസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.















