ഷാർജ: യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുമായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം ജൂലായ് മുതൽ സെപ്റ്റംബർ വരെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 44 ലക്ഷം ആളുകളെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ളതിനേക്കാൾ 10 % വർധനയാണ് രേഖപ്പെടുത്തിയത്.
വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ മേഖലകളിൽ എമിറേറ്റ് വളർച്ച നേടുന്ന സാഹചര്യത്തിലാണ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണവും കൂടിയത്. ഈ വർഷം ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ ഷാർജ രാജ്യാന്തര വിമാനത്താവളം 10 % വർധനവ് രേഖപ്പെടുത്തി. 44 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്.
35 രാജ്യാന്തര എയർലൈനുകൾ ഷാർജയിൽ നിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. മൂന്നുമാസത്തിനിടെ 27,758 സർവീസുകൾ നടത്തിയതോടെ മൊത്തം യാത്രകളുടെ എണ്ണത്തിലും 6.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ചരക്കുനീക്കത്തിലും റെക്കോഡ് വളർച്ചയുണ്ടായി. 46,284 ടൺ കാർഗോ ഈ കാലയളവിൽ കൈകാര്യം ചെയ്തു. ഓരോ വർഷവും 32 ശതമാനത്തിന്റെ വർദ്ധനയാണ് കാർഗോ സേവനങ്ങളിൽ ഉണ്ടായത്.