ഹൈദരാബാദ്: മുട്ടയിൽ നിന്നുമുണ്ടാക്കുന്ന മയോണൈസിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി തെലങ്കാന സർക്കാർ. മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധകൾ സംസ്ഥാനത്ത് വ്യാപകമായതിനെത്തുടർന്നാണ് സർക്കാരിന്റെ തീരുമാനം. അടുത്തിടെ ഹൈദരാബാദിൽ മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 15 പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.
നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ഒരു വർഷത്തേക്ക് തുടരും. ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മറ്റ് അസംസ്‌കൃത ചേരുവകൾ ഉപയോഗിച്ചുള്ള മയോണൈസ് നിർമ്മാണം പ്രോത്സാഹിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
അടുത്തിടെ റിപ്പോർട്ട് ചെയ്‍ത ഭക്ഷ്യ വിഷബാധ കേസുകൾക്ക് കാരണം പച്ച മുട്ടയിൽ നിന്ന് നിർമ്മിച്ച മയോനൈസാണെന്ന് തെലങ്കാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സാൻഡ്‌വിച്ചുകൾ, മോമോസ്, ഷവർമ, അൽഫാം ചിക്കൻ തുടങ്ങിയ വിഭവങ്ങളോടൊപ്പമാണ് ഇവ ഉപയോഗിക്കുന്നത്. മുട്ടയുടെ വെള്ളയും എണ്ണ ഉപയോഗിച്ച് എമൽസിഫൈ ചെയ്താണ് ഇത്തരം മയോണൈസുകൾ നിർമ്മിക്കുന്നത്.