തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി ജില്ലയിലെ അണ്ടനല്ലൂരിൽ ശിവക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി. ക്ഷേത്രത്തിലെ സ്നാനഘട്ടത്തിനു സമീപമാണ് റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തിയത്.
തിരുച്ചിറപ്പള്ളി ജില്ലയിലെ അണ്ടനല്ലൂരിലാണ് പ്രസിദ്ധമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് സമീപം കാവേരി നദിയിലേക്കിറങ്ങുന്ന ഒരു പടിയുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഈ ഭാഗത്ത് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തിയത്.
പ്രദേശത്തെ ജനങ്ങൾ ജിയപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയി ച്ചു . പോലീസ് സ്ഥലത്തെത്തി റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം സുരക്ഷിതമായി പിടിച്ചെടുത്ത് ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധർക്ക് കൈമാറി. ദീപാവലി ആഘോഷം നടക്കാനിരിക്കെ, ഇന്ന് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയ സംഭവം പ്രദേശത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം, കാവേരി നദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഏതെങ്കിലും ഡാമിലെ അധിക ജലം തുറന്നു വിട്ടപ്പോൾ റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം നദിയിലെത്തിയതായിരിക്കുമെന്ന് സംശയിക്കുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.