ബെല്ലാരി: ചിത്രദുർഗ രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കന്നഡ നടൻ ദർശൻ തൂഗുദീപ ഇന്നലെ വൈകിട്ട് ജയിൽ മോചിതനായി. 63 ത്യവസമായി ബെല്ലാരി സെൻട്രൽ ജയിലിലായിരുന്ന ദർശന് ഹൈക്കോടതി ബുധനാഴ്ച ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ് മോചനം.
നടുവേദന അനുഭവപ്പെട്ടതിനാൽ ചികിത്സയ്‌ക്കായി ജാമ്യം തേടി ദർശന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. കടുത്ത നടുവേദനയുടെ ലക്ഷണങ്ങൾ സൂചിപ്പിക്കും വിധം മുടന്തലോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.ശേഷം ജയിലിന് പുറത്ത് കാത്തുനിന്ന ഭാര്യ വിജയലക്ഷ്മിയുടെ കാറിലാണ് ദർശൻ ബാംഗ്ലൂരിലേക്ക് പോയത്.
രേണുകസ്വാമി വധക്കേസിൽ കഴിഞ്ഞ ജൂൺ 11ന് അറസ്റ്റിലായ ദർശൻ പരപ്പന അഗ്രഹാര ജയിലിലായിരുന്നു. പിന്നീട് ബെല്ലാരി ജയിലിലേക്ക് മാറ്റി. ഇയാളുടെ സുഹൃത്ത് പവിത്ര ഗൗഡയും മറ്റ് 15 പേരും കേസിൽ പ്രതികളാണ്. പവിത്ര ബെംഗളൂരുവിലെ ജയിലിലും മറ്റുള്ളവർ സംസ്ഥാനത്തെ വിവിധ ജയിലുകളിലുമാണ്. ഇവരിൽ ചിലർക്ക് അടുത്തിടെ ജാമ്യം ലഭിച്ചു.















