ലോകത്തിലെ മുൻനിര കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ്, ICE വാഹനങ്ങളിലും മുന്നിലാണ്. കൂടാതെ ഇലക്ട്രിക് പവർട്രെയിനുകളിലും കാര്യമായ മുന്നേറ്റം കമ്പനി നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഹ്യുണ്ടായ് മോട്ടോർ കമ്പനി “ഇനിഷ്യം” എന്ന പേരിൽ ഒരു പുതിയ ഹൈഡ്രജൻ-പവർ വാഹനം അനാച്ഛാദനം ചെയ്തിരിക്കുകയാണ്. ശുദ്ധമായ ഇന്ധനത്തിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് ഹ്യുണ്ടായ് മോട്ടോഴ്‌സ് പുതിയ ഹൈഡ്രജൻ കാർ അവതരിപ്പിച്ചത്.
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളുടെ ആദ്യത്തെ ഹൈഡ്രജൻ അധിഷ്‌ഠിത എസ്‌യുവിയായ നെക്‌സോയെക്കാളും റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനമാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. നെക്സോയ്‌ക്ക് 609 കിലോമീറ്ററാണ് റേഞ്ച് എങ്കിൽ, പുതിയ എസ്‌യുവിക്ക് ഒരൊറ്റ ഇന്ധനം നിറയ്‌ക്കുമ്പോൾ 650 കിലോമീറ്ററിലധികം (404 മൈൽ) ഡ്രൈവിംഗ് റേഞ്ച് ഉണ്ട്.
2024 നവംബറിൽ LA ഓട്ടോ ഷോയിലും ഓട്ടോ ഗ്വാങ്‌ഷൂവിലും ഇനിഷ്യം കൺസെപ്റ്റ് പ്രദർശിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു. ഹ്യുണ്ടായ് മോട്ടോർസ്റ്റുഡിയോ ഗോയാങ്ങിൽ ഹ്യുണ്ടായ് നടത്തിയ ക്ലിയർലി കമ്മിറ്റഡ് ഇവൻ്റിൽ ഇനിഷ്യം കൺസെപ്റ്റ് അതിന്റെ ആഗോള പ്രീമിയർ ആയി മാറി. ഹ്യുണ്ടായിയുടെ പുതിയ ‘ആർട്ട് ഓഫ് സ്റ്ററീൽ’ ഡിസൈൻ വഹിക്കുന്ന ആദ്യത്തെ വാഹനമാണിത്.
ലാറ്റിൻ ഭാഷയിൽ ഇനിഷ്യം എന്നാൽ തുടക്കം, അല്ലെങ്കിൽ ആദ്യം എന്നാണ്. ഈ കൺസെപ്റ്റ് വാഹനം 2025 കലണ്ടർ വർഷത്തിന്റെ ആദ്യ പകുതിയിൽ അനാച്ഛാദനം ചെയ്യുന്ന ഒരു പ്രൊഡക്ഷൻ എഫ്‌സിഇവി (ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ) സൃഷ്ടിക്കും. കഴിഞ്ഞ 27 വർഷമായി ഹൈഡ്രജൻ ഫ്യുവൽ പവർട്രെയിനുകളെ കുറിച്ച് ഹ്യൂണ്ടായ് ഗവേഷണം നടത്തുന്നു. ഇനിഷ്യം കൺസെപ്റ്റ് ആണ് ഇതിന്റെ ആദ്യ സാക്ഷാത്കാരം.
ഇനിഷ്യം കൺസെപ്റ്റ് ഉപയോഗിച്ച്, കമ്പനിയുടെ ഭാവി ഹൈഡ്രജൻ പോർട്ട്‌ഫോളിയോയെ പ്രതിനിധീകരിക്കുന്ന ഒരു പുതിയ ‘ആർട്ട് ഓഫ് സ്റ്റീൽ’ ഡിസൈൻ ഭാഷ ഹ്യുണ്ടായ് പ്രദർശിപ്പിച്ചു. ഈ ഡിസൈൻ ഭാഷയുടെ പ്രധാന ഹൈലൈറ്റ് ഇനിഷ്യത്തിന്റെ ലൈറ്റിംഗ് സിഗ്നേച്ചറിൽ കാണുന്ന ഒരു ‘+’ ചിഹ്നമാണ്. ഹ്യുണ്ടായിയുടെ ആഗോള ലൈനപ്പിനുള്ളിൽ, ഈ ‘+’ ചിഹ്നം FCEV നിർദ്ദിഷ്ട ഡിസൈൻ ക്യൂ ആയിരിക്കും.
ഒരു ഫില്ലിംഗിൽ 650 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള ഹൈഡ്രജൻ പവർട്രെയിൻ ആണ് ഇനിഷ്യം കൺസെപ്റ്റിന്റെ പ്രധാന ഹൈലൈറ്റ്. ഫ്യുവൽ സെൽ സ്റ്റാക്ക് 150 kW (201 bhp) ഇലക്ട്രിക് മോട്ടോറിന് ഊർജ്ജം നൽകുന്ന വലിയ ബാറ്ററി ചാർജ് ചെയ്യുന്നതിനായി വൈദ്യുതി ഉത്പാദിപ്പിക്കും. V2L (വെഹിക്കിൾ ടു ലോഡ്) സവിശേഷത, മെച്ചപ്പെടുത്തിയ ഘടനാപരമായ കരുത്ത്, 9 എയർബാഗ് സിസ്റ്റം എന്നിവയുണ്ട്.















