ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചതോടെ വ്യവസ്ഥകളോടെ വെടിനിർത്തിലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നെയിം ഖാസി. ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് വെടിനിർത്തൽ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം.
ഇസ്രായേൽ സൈനിക നടപടികളെ ചെറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വെടിനിർത്തലിന് തയ്യാറാണെന്നും നെയിം ഖാസി പറഞ്ഞു. ചർച്ചകളിലൂടെ വെടിനിർത്തിലിനുള്ള സാധ്യതയുണ്ട്. ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലികൾ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങളും അത് അംഗീകരിക്കും. എന്നാൽ ചില നിബന്ധനകളും വ്യവസ്ഥകളും അവർ അംഗീകരിക്കണമെന്നും അൽ ജദീദിന് നൽകിയ അഭിമുഖത്തിൽ ഹിസ്ബുള്ള തലവൻ പറഞ്ഞു.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കിഴക്കൻ നഗരമായ ബാൽബെക്ക് ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഹിസ്ബുള്ള കമാൻഡർ ഉൾപ്പടെ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണത്തിൽ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതോടെയാണ് നയിം ഖാസിം സ്ഥാനമേറ്റെടുത്തത്. താത്കാലിക നിയമനം മാത്രമാണിതെന്നും ഉടൻ തന്നെ വകവരുത്തുമെന്നും സ്ഥാനമേറ്റടുത്തതിന് പിന്നാലെ ഇസ്രായേൽ സൈനിക മേധാവി മുന്നറിയിപ്പ് നൽകിയത്.
പ്രതീക്ഷയില്ലാത്ത പ്രതീക്ഷയെന്നാണ് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി വെടിനിർത്തൽ സാധ്യതകളെ കുറിച്ച് പ്രതികരിച്ചത്. ഇതിനിടെ ഇസ്രായേൽ സൈന്യം ഹിസ്ബുള്ളയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ലെബനനിൽ 1,754 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.