എറണാകുളം: യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 95 വയസായിരുന്നു. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ മുന്നോട്ടുനയിച്ച ആത്മീയ ആചാര്യനായിരുന്നു ബസേലിയസ് തോമസ് പ്രഥമൻ ബാവ. ഇല്ലായ്മകളിൽ നിന്നും തുടങ്ങി അത്യുന്നതമായ ആത്മീയ പദവിയിൽ എത്തിയ വൈദിക ശ്രേഷ്ഠനും യാക്കോബായ സഭയെ വളർത്തിയെടുത്ത സഭാ നേതാവുമായിരുന്നു അദ്ദേഹം. പുത്തൻകുരിശ് കൺവെൻഷന് അദ്ദേഹം തുടക്കമിട്ടിരുന്നു. ഇതിനുപുറമെ പുത്തൻകുരിശ് പാത്രിയർക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷൻസെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു.
എറണാകുളം പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ വൈദിക പാരമ്പര്യമുള്ള കുടുംബത്തിൽ മത്തായിയുടെയും കുഞ്ഞാമ്മയുടെയും എട്ട് മക്കളിൽ ആറാമനായി 1929 ജൂലായ് 22ന് ജനനം. കഠിന രോഗങ്ങളെ തുടർന്ന് പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങിയെങ്കിലും ആത്മീയ കാര്യങ്ങളിൽ അദ്ദേഹം തൽപരനായിരുന്നു. ഇതേത്തുടർന്ന് പിറമാടം ദയറായിൽ വൈദിക പഠനത്തിന് ചേർന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ൽ ഏലിയാസ് മോർ യൂലിയോസ് ബാവയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. വൈദികൻ എന്നതിലുപരി ധ്യാനഗുരു, സാമൂഹ്യ പ്രവർത്തകൻ, സുവിശേഷപ്രസംഗകൻ തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ ചേർത്തുപിടിച്ച തോമസ് പ്രഥമൻ ഭദ്രാസനങ്ങൾ സ്ഥാപിച്ച് സഭയ്‌ക്ക് വളർച്ച പ്രദാനം ചെയ്തു. 13 മെത്രോപ്പോലീത്തമാരെ വാഴിപ്പിക്കുകയും 350 വൈദികർക്ക് പട്ടം നൽകുകയും ചെയ്തു. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
1973 ലാണ് അങ്കമാലി ഭദ്രാസന മെത്രോപ്പോലീത്തയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1974 ൽ ദമസ്‌കസിൽ വച്ച് ദിവന്നാസ്യോസ് എന്ന പേരിൽ മെത്രോപ്പോലീത്തയായി അഭിഷേകം ചെയ്തു. 1999 ൽ സുന്നഹദോസ് പ്രസിഡന്റായും 2000 ൽ കാതോലിക്കയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് 2019 ൽ ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞിരുന്നു. ആത്മീയ നേതൃസ്ഥാനത്തിൽ തുടർന്ന് കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് തോമസ് പ്രഥമൻ കാലം ചെയ്തത്.















